പൂനെ: പൊതുനിരത്തില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ തട്ടിക്കൊണ്ടുപോയ 24 കാരനെ ആക്രമികള്‍ കത്തിച്ച് കൊന്നു.പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയിലാണ് സംഭവം. പിംപ്രി സ്വദേശിയായ ഹിതേഷ് മുല്‍ചന്ദാനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു. ഗുഞ്ച്‌പേത്ത് നിവാസിയായ അമിന്‍ ഫിറോസ് ഖാന്‍, കസാര്‍വാഡിയില്‍ നിന്നുള്ള ഷഹബാസ് സെറാജ് ഖുറേഷി, ഖഡ്കിയില്‍ നിന്നുള്ള അറബാസ് ഷെയ്ഖ്, സാങ്വിയില്‍ നിന്നുള്ള അക്ഷയ് സഞ്ജയ് ഭോസാലെ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പുലര്‍ച്ചെ രണ്ട് മണിയോടെ പൂനെയില്‍ കുനാല്‍ ബാറിന് പരിസരത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ഹിതേഷ് മുല്‍ചന്ദാനി ബാറിന് വെളിയില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഫിറോസ് ഖാനും കൂട്ടാളികളും ഇത് ചോദ്യം ചെയ്യുകയും വാക്ക് തര്‍ക്കത്തിലെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാളും കൂട്ടാളികളും ചേര്‍ന്ന് ഹിതേഷിനെ ആക്രമിക്കുകയായിരുന്നു .ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹിതേഷിനെ ഇവര്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് ഹിതേഷിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ഗുണ്ടാസംഘങ്ങളെ ആക്രമിച്ച വിവരം സുഹൃത്തുക്കള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ക്കെതിരെ 302 (കൊലപാതകം), 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍, 326 (അപകടകരമായ ആയുധങ്ങള്‍ കൈവശം വയ്‌ക്കല്‍), 504 (സമാധാന ലംഘനം), 201 (നാശനഷ്ടങ്ങള്‍ ഉണ്ടാക്കല്‍) തുടങ്ങിയ കുറ്റങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
















