ബെംഗളൂരു: രാജ്യത്ത് അഞ്ചിടങ്ങളില്‍ മാത്രം അധികാരം ഒതുങ്ങിയ കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഗതിയിലേയ്‌ക്ക്. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അധികാരത്തിലേറിയ കുമാരസ്വാമി സര്‍ക്കാര്‍ വീണതോടെയാണ് അഞ്ചിടങ്ങളില്‍ മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങിയത്. ദക്ഷിണേന്ത്യയില്‍ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയാണ് കേണ്‍ഗ്രസിന്റെ കച്ചിതുരുമ്പ്.
പുതുച്ചേരിക്ക് പുറമെ പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിന് സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടാണ് അഞ്ചിലേയ്‌ക്ക് ചുരുങ്ങിയത്.
2004ല്‍ എസ്.എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍നിന്ന് ഇറങ്ങിയതിനുശേഷം സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ 2013ലാണ് മറ്റൊരു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ സിദ്ദരാമയ്യ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചില്ല. 2018ല്‍ ബിജെപിയെ അകറ്റിനിര്‍ത്താനുള്ള ശ്രമമാണ് ജെഡിഎസിനൊപ്പം ഒരു സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കര്‍ണാടകയില്‍ അവസരൊരുക്കിയത്. എന്നാല്‍ 14 മാസങ്ങള്‍ക്കിപ്പുറം ആ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയത്.
2016 മെയിലാണ് പുതുച്ചേരിയില്‍ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയത്. പുതുച്ചേരിയിയില്‍ ആകെയുള്ള 33 അംഗ സഭയില്‍ 14 പേരാണ് കോണ്‍ഗ്രസിനുള്ളത്. ഡിഎംകെയുടെയും മറ്റ് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍ ഭരണം തുടരുന്നത്. എന്നാല്‍ ഇവിടെ ലഫ്റ്റനന്റ് ഗവര്‍ണറുമായി വി നാരായണസ്വാമി സര്‍ക്കാര്‍ അത്ര നല്ല ബന്ധത്തിലല്ല. ബിജെപിയുടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങളും(കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന) പുതുച്ചേരി സഭയിലുണ്ട്.
ദക്ഷിണേന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍, 1963-67 കാലഘട്ടത്തിലെ ഭക്തവല്‍സലം ആയിരുന്നു തമിഴ് നാട്ടിലെ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. അതിനുശേഷം ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി അധികാരത്തില്‍ വരുന്നതാണ് കണ്ടത്.
2014ല്‍ സ്ഥാനമൊഴിഞ്ഞ കിരണ്‍ കുമാര്‍ റെഡ്ഡിയായിരുന്നു ആന്ധ്രാപ്രദേശിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് വിട്ടുപോയി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച ജഗന്‍മോഹന്‍ റെഡിയാണ് ഇപ്പോള്‍ ആന്ധ്രയിലെ മുഖ്യമന്ത്രി.
കേരളത്തില്‍ 2016 മെയിലാണ് കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ഇടതുമുന്നണി അധികാരത്തിലെത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫും ഇടതുപക്ഷപാര്‍ട്ടികളുടെ എല്‍ഡിഎഫും മാറിമാറി ഭരണത്തില്‍ വരുന്നതാണ് ഇതുവരെയുള്ള രീതി.
















