ടോക്കിയോ: അരങ്ങേറ്റ മത്സരത്തില്‍ അന്റോണിയോ ഗ്രീസ്മാന് ബാഴ്‌സലോണയ്‌ക്ക് വിജയം സമ്മാനിക്കാനായില്ല. സൗഹൃദ മത്സരത്തില്‍ ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു.
ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ഗ്രീസ്മാന്‍ വമ്പന്‍ തുകയ്‌ക്കാണ് ഈമാസമാദ്യം ബാഴ്‌സലോണയിലെത്തിയത്. ഫ്രാങ്ക് ലംപാര്‍ഡിന്റെ ചെല്‍സിക്കെതിരെ ഗ്രീസ്മാന്‍ 45 മിനിറ്റ്് പൊരുതിയിട്ടും ടീമിന് വിജയം നേടിക്കൊടുക്കാനായില്ല.
മുപ്പത്തിനാലാം മിനിറ്റില്‍ ടാമി അബ്രഹാമിന്റെ ഗോളില്‍ ചെല്‍സി മുന്നിലെത്തി. ആദ്യ പകുതിയില്‍ ചെല്‍സി ഒരു ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബാഴ്‌സ പൊരുതിക്കളിച്ചു. പക്ഷെ കളിയവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ ചെല്‍സി രണ്ടാം ഗോളും നേടി വിജയമുറപ്പിച്ചു. റോസ് ബാര്‍ക്ക്‌ലിയാണ് ഇത്തവണ ബാഴ്‌സയുടെ വല കുലുക്കിയത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ബാഴ്‌സ ആശ്വാസ ഗോള്‍ കുറിച്ചു. ഇവാന്‍ റാകിടിച്ചാണ് ലക്ഷ്യം കണ്ടത്. പ്രീസീസണിലെ അടുത്ത സൗഹൃദ മത്സരത്തില്‍ ചെല്‍സി ഞായറാഴ്ച റീഡിങ്ങിനെ നേരിടും. ബാഴ്‌സ അടുത്ത മത്സരത്തില്‍ വിസ്സല്‍ കൊബിയുമായി ഏറ്റുമുട്ടും.
















