കൊളംബോ: ശ്രീലങ്കയുടെ പരിചയസമ്പന്നനായ പേസ് ബൗളര്‍ ലസിത് മലിംഗ രാജ്യാന്തര ഏകദിന ക്രിക്കറ്റിന് നിന്ന് വിരമിക്കുന്നു. വെള്ളിയാഴ്ച പ്രേമദാസ സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തോടെ വിരമിക്കും. എന്നാല്‍ ടി ട്വന്റിയില്‍ കളി തുടരുമെന്ന് മലിംഗ വെളിപ്പെടുത്തി.
ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിക്കാനുള്ള തന്റെ അഭ്യര്‍ഥന ക്രിക്കറ്റ്് ബോര്‍ഡ് അംഗീകരിച്ചു. പ്രേമദാസ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏകദിനം തന്റെ അവസാന ഏകദിനമായിരിക്കും. കളിക്കാണാന്‍ ആരാധകരെ മലിംഗ ക്ഷണിച്ചു. ഏകദിനത്തില്‍ നിന്ന് വിരമിച്ചാലും ടി ട്വന്റിയില്‍ തുടരും.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി ട്വന്റി ലോകകപ്പില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയിലാണെന്ന് മലിംഗ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ മൂന്നാമത്തെ ബൗളറാണ് മലിംഗ. 219 ഇന്നിങ്ങ്‌സില്‍ 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മുത്തയ്യ മുരളീധരനാണ് ഏകദിനത്തില്‍ ശ്രീലങ്കക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ ബൗളര്‍ – 523 വിക്കറ്റ്. ചാമിന്ദ വാസിനാണ് രണ്ടാം സ്ഥാനം. 399 വിക്കറ്റ്.
ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയത് മലിംഗയാണ്. ഏഴ് ഇന്നിങ്‌സുകളിലായി പതിമൂന്ന് വിക്കറ്റ് വീഴ്‌ത്തി. മലിംഗ 2011 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള 22 അംഗ ടീമില്‍ മലിംഗയും ഇടം പിടിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പര വെള്ളിയാഴ്ച ആരംഭിക്കും. രണ്ടാം മത്സരം 28 നും അവസാന മത്സരം 31 നും അരങ്ങേറും. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് നടക്കുക.
















