സെന്റ് ജോണ്‍സ്: പരിചയ സമ്പന്നരായ സുനില്‍ നരെയ്‌നെയും കീറോണ്‍ പൊള്ളാര്‍ഡിനെയും ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടി ട്വന്റി മത്സരങ്ങള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലുള്‍പ്പെടുത്തി. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഗ്‌സ്ത് മൂന്നിന് ആദ്യ ടി ട്വന്റി പരമ്പര ആരംഭിക്കും.
വിക്കറ്റ കീപ്പര്‍ ബാറ്റ്‌സ്മാനായ ആന്റണി ബ്രാംബിളാണ് പതിനാല് അംഗ ടീമിലെ ഏക പുതുമുഖം. ആദ്യ മത്സരം ആഗസ്ത് മൂന്നിനും രണ്ടാം മത്സരം നാലിനും ഫ്‌ളോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടി സ്‌റ്റേഡിയത്തില്‍ അരങ്ങേറും.
ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ടീമില്‍ മാറ്റം വരുത്തും. ആഗസ്ത് ആറിന് ഗയാന നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മൂന്നാം ടി ട്വന്റി.
കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് ക്യാപ്റ്റന്‍. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസ്സലിനെയും താല്‍ക്കാലികമായി ടീമിലെടുത്തു. ശാരീരിക ക്ഷമത തെളിയിച്ചാലേ റസ്സലിന് മത്സരിക്കാനാകൂ. ഇടതു കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് റസ്സല്‍ ലോകകപ്പിനിടെ പിന്മാറി. ശസ്ത്രക്രിയയ്‌ക്ക് വിധേയനായ റസ്സല്‍ പരിക്കില്‍ നിന്ന് മോചനം നേടി വരികയാണ്.
കാനഡയില്‍ ജി ടി 20 യില്‍ കളിക്കേണ്ടതിനാല്‍ പരിചയ സമ്പന്നനായ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കി. ഗെയ്‌ലിന് പകരം ഇടം കൈ ബാറ്റ്‌സ്മാനായ ജോണ്‍ കാംപെല്ലിനെ ഉള്‍പ്പെടുത്തി. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഐസിസി ടി ട്വന്റി ലോകകപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
യുവാക്കളും പരിചയ സമ്പന്നരും അടങ്ങുന്ന ടീം സന്തുലിതമാണെന്ന് വിന്‍ഡീസ് സെലക്ടര്‍മാര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട മിക്ക കളിക്കാരും ഐപഎല്ലില്‍ കളിച്ചുപരിചയമുള്ളവരാണ്. ഈ പരിചയ സമ്പത്ത് ഇന്ത്യയെ വീഴ്‌ത്താന്‍ സഹായിക്കുമെന്നാണ് സെലക്ടര്‍മാരുടെ വിശ്വാസം.
രണ്ട് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിനെതിരെയാണ് സുനില്‍ നരെയ്ന്‍ അവസാനമായി വിന്‍ഡീസിനുവേണ്ടി ടി ട്വന്റി മത്സരം കളിച്ചത്. പൊള്ളാര്‍ഡ് കഴിഞ്ഞ നവംബറില്‍ ഇന്ത്യക്കെതിരെയാണ് അവസാന ടി ട്വന്റി മത്സരം കളിച്ചത്.
നിക്കോളസ് പൂരനായിരിക്കും വിക്കറ്റ് കീപ്പര്‍. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലേ ബ്രാംബിളിനെ വിക്കറ്റ് കീപ്പിങ് ചുമതല ഏല്‍പ്പിക്കൂയെന്ന് സെലക്ടര്‍മാര്‍ വെളിപ്പെടുത്തി.
ഇന്ത്യക്കെതിരെ വിന്‍ഡീസ് മൂന്ന് ടി ട്വന്റി മത്സരങ്ങളും അത്രയും തന്നെ ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും കളിക്കും.
വിന്‍ഡീസ്: കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, കീമോ പോള്‍, ഖാറി പിയറി, കീറോണ്‍ പൊള്ളാര്‍ഡ്, നിക്കോളസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോവ്മന്‍ പവല്‍, ആന്ദ്രെ റസ്സല്‍, ഒഷെയ്ന്‍ തോമസ്, ആന്റണി ബ്രാംബിള്‍ (വിക്കറ്റ് കീപ്പര്‍), ജോണ്‍ കാംപ്‌ബെല്‍, ഷെല്‍ഡണ്‍ കോട്രല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഇര്‍വിന്‍ ലൂയിസ്.
















