വാഷിങ്ടണ്‍: വെയ്ല്‍സ് താരം ഗാരേത്ത് ബെയ്‌ലിനെ താന്‍ അവഹേളിച്ചെന്ന ആരോപണം റയല്‍ മാഡ്രിഡ് മുഖ്യ പരിശീലകന്‍ സിനദിന്‍ സിദാന്‍ തള്ളി. ആരെയും അവഹേളിച്ചില്ല. ബെയ്‌ലിന്റെ വിടവാങ്ങല്‍ സുഗമമാക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് എന്നാണ് ഞാന്‍ പറഞ്ഞതെന്ന് സിദാന്‍ പറഞ്ഞു. ആഴ്‌സണലിനെതിരായ റയലിന്റെ സൗഹൃദ മത്സരത്തലേന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാന്‍.
ശനിയാഴ്ച ഹൂസ്റ്റണില്‍ ബയേണ്‍ മ്യൂണിച്ചിനെതിരായ സൗഹൃദ മത്സരത്തില്‍ കളിക്കാന്‍ ബെയ്ല്‍ വിസമ്മതിച്ചു. അല്ലാതെ ഞാന്‍ തഴഞ്ഞതല്ല. മത്സരത്തിനായി ബെയ്ല്‍ ജേഴ്‌സി അണിഞ്ഞില്ല. ബെയ്ല്‍ ക്ലബ്ബ് വിടുന്നതുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാലാണിത്. സൗഹൃദ മത്സരത്തില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബയേണിനോട് തോറ്റു.
സിദാന്‍ ബെയ്‌ലിനെ അവഹേളിച്ചെന്ന് ബെയ്‌ലിന്റെ ഏജന്റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. റയലിനു വേണ്ടി മികവാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ ബെയ്‌ലിനെ സിദാന്‍ ബഹുമാനിക്കുന്നില്ലെന്ന് ഏജന്റ് ജോനാഥന്‍ ബാര്‍നെറ്റ് പറഞ്ഞു.
സിദാന്‍ റയലിന്റെ കോച്ചായി തിരിച്ചെത്തിയശേഷം ബെയ്ല്‍ മൂന്ന് മത്സരങ്ങളിലായി തൊണ്ണൂറ് മിനിറ്റാണ് കളിക്കളത്തിലിറങ്ങിയത്. സിദാന്‍ പലപ്പോഴും പകരക്കാരന്റെ റോളാണ് ബെയ്‌ലിന് നല്‍കിയത്.
ബെയ്ല്‍ വായ്‌പ വ്യവസ്ഥയില്‍ റയല്‍ മാഡ്രിഡ് വിട്ടുപോകില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ജോനാഥന്‍ വ്യക്തമാക്കി. ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരിലെ ഒരാളാണ് ബെയ്ല്‍സ്. വായ്‌പ വ്യവസ്ഥയില്‍ ഒരു ക്ലബ്ബിലേക്കും ചേക്കേറില്ലെന്ന്് ജോനാഥന്‍ പറഞ്ഞു. റയലില്‍ ചേര്‍ന്ന ശേഷം നാലു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ബെയ്ല്‍ സ്വന്തമാക്കിയിട്ടുണ്ട്.
















