തിരുവനന്തപുരം: ഒരാഴ്ച മുമ്പ് ചിറയിന്‍കീഴില്‍ നിന്നും പെരുമാതുറയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറെ തല്ലിയ കേസ് സിപിഎം നേതൃത്വം ഇടപ്പെട്ട് ഒത്തുതീര്‍പ്പാക്കി. ഡ്രൈവറെ ബസില്‍ നിന്നും പിടിച്ചിറക്കി തല്ലിയ കേസിലെ പ്രതി ഹരീഷ് ഡി. ദാസ് ചിറയിന്‍കീഴ് സര്‍വീസ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിലെ സ്ഥാനാര്‍ഥിയാണ്.
കഴിഞ്ഞയാഴ്ച ചിറയിന്‍കീഴ് വലിയകടയില്‍ കെഎസ്ആര്‍ടിസി ബസ് തിരിയുന്നതിനിടയില്‍ ഹരീഷിന്റെ കാര്‍ കൊണ്ടുകയറുകയും തുടര്‍ന്ന് ബസ് ഡ്രൈവറെ സിപിഎം പ്രാദേശിക നേതാവായ ഹരീഷ് പിടിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അവശനായ ഡ്രൈവര്‍ സര്‍വീസ് മതിയാക്കി ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ ബസ് കൊണ്ടിട്ടു. തുടർന്ന് കുഴഞ്ഞുവീണ ബസ്‌ഡ്രൈവറെ നാട്ടുകാര്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കേസ്സിലെ പ്രതിയായ ഹരീഷ് ഡി. ദാസ് ചിറയിന്‍കീഴിലെ സര്‍വീസ് സഹകരണ ബാങ്കായ 1155 ലെ ഇടതുപക്ഷ പാനലില്‍ നിന്നും മത്സരിക്കുന്നതിനാല്‍ സിപിഎം നേതൃത്വം ഇടപെട്ട് കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു.
അടികൊണ്ടതിന് ഡ്രൈവര്‍ക്ക് പതിനായിരം രൂപയും സര്‍വീസ് മുടങ്ങിയതിന് കെഎസ്ആര്‍ടിസിക്ക് പതിനായിരവും നല്‍കിയാണ് കേസ് ഒതുക്കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദിച്ചതിനും കേസ് ചാര്‍ജ് ചെയ്യാതെയാണ് സിപിഎം ഒതുക്കിയത്. വലിയകട ജംഗ്ഷനില്‍ പോലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ ഈ ദൃശ്യങ്ങളുണ്ട്. വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം പുനരാരംഭിച്ച പെരുമാതുറ സര്‍വീസിലെ ഡ്രൈവറെ മര്‍ദിച്ചത് സിപിഎം ഗൂഢാലോചനയുടെ ഭാഗമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ള ആള്‍ക്കാരെ സിപിഎം പാനലില്‍ മത്സരിപ്പിക്കുന്നതിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗത്തിനിടയിലും ശക്തമായ പ്രതിഷേധമുണ്ട്. സിപിഎം സമിതിയാണ് ഈ ബാങ്കില്‍ സ്ഥിരമായി ഭരിക്കുന്നത്. ഈ വിജയത്തിന് പിന്നില്‍ പെരുമാതുറയില്‍ നിന്നുള്ള വോട്ടുകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്നുള്ള വോട്ടുകള്‍ സിപിഎമ്മിനെതിരാകുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: