സിങ്കപ്പൂര്‍: ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഇംഗ്ലണ്ട് ക്യാപ്്റ്റന്‍ ഹാരി കെയ്ന്‍ നേടിയ കിടിലന്‍ ഗോളില്‍ ടോട്ടനത്തിന് വിജയം. പ്രീ സിസണ്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുവന്റസിനെ കീഴ്‌പ്പെടുത്തി.ലൂകാസ് മോറ ല്‍കിയ ക്രോസില്‍ ഹാരി കെയ്ന്‍ തൊടുത്തുവിട്ട ഷോട്ട് , സ്ഥാനം തെറ്റി നിന്ന യുവന്റസ് ഗോളി ചെസ്‌നിയെ കബളിപ്പിച്ച് വലയില്‍ കയറി. തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിതെന്ന് മത്സരശേഷം കെയ്ന്‍ പറഞ്ഞു.
യുവാക്കള്‍ അണിനിരന്ന ടോട്ടനം ആദ്യ പകുതിയില്‍ തകര്‍ത്തുകളിച്ചു. അതേസമയം യുവന്റസ് പ്രതിരോധത്തിലൂന്നി. ഏറിക് ലമേല ആദ്യ പകുതിയില്‍ ഗോള്‍ നേടിയതോടെ ടോട്ടനം മുന്നിലെത്തി. പക്ഷെ ഇടവേളയ്‌ക്ക് ശേഷം യുവന്റസ് തുടരെ തുടരെ രണ്ട് ഗോളുകള്‍ നേടി മുന്നിലെത്തി. 56-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വിയന്‍ യുവെയുടെ ആദ്യ ഗോള്‍ കുറിച്ചു. നാലു മിനിറ്റുകള്‍ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോ ലക്ഷ്യം കണ്ടതോടെ യുവെ 2-1 ന് മുന്നിലായി.
പക്ഷെ അഞ്ചു മിനിറ്റിനുള്ളില്‍ ലൂക്കസ് മോറിലൂടെ ടോട്ടനം സമനില പിടിച്ചു. അവസാന പത്ത് മിനിറ്റില്‍ ഹാരി കെയ്‌നും ഹിഗ്വിയനും ഒട്ടെറെ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി കെയ്ന്‍ ടോട്ടനത്തിന് വിജയം സമ്മാനിച്ചു.ഇതോടെ യുവെ പരിശീലകനായുള്ള മൗറീസോ സാരിയുടെ അരങ്ങേറ്റം തോല്‍വിയോടെയായി. ഡച്ച് പ്രതിരോധനിരക്കാരായ ഡി ലിറ്റിന്റെ യുവെക്കായുള്ള അരങ്ങേറ്റവും തോല്‍വിയില്‍ കലാശിച്ചു.
















