ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് കാലിടറി. ലോക നാലാം നമ്പര്‍ ജപ്പാന്റെ അകാനെ യമാഗുച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തോല്‍പ്പിച്ച് കിരീടം നേടി. സ്‌കോര്‍ 15-21, 16-21. സീസണില്‍ സിന്ധുവിന്റ ആദ്യ ഫൈനലായിരുന്നു ഇന്തോനേഷ്യയിലേത്. മുമ്പ് 14 തവണ യമാഗുച്ചിക്കെതിരെ കളിച്ചപ്പോള്‍ 10ലും സിന്ധുവിനായിരുന്നു വിജയം. നാല് തവണ മാത്രമാണ് ജപ്പാനീസ് താരം ജയിച്ചത്. എന്നാല്‍ 51 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ വരുത്തിയ പിഴവാണ് സിന്ധുവിന് തിരിച്ചടിയായത്.
ആദ്യ ഗെയിമില്‍ 5-3ന് മുന്നിലായിരുന്നു സിന്ധു. പിന്നാലെ 11-8നും ലീഡ് ചെയ്തു. എന്നാല്‍ തുടരെയുള്ള പിഴവുകള്‍ സിന്ധുവിന് വിനയായി. തുടര്‍ച്ചയായി ആറ് പോയിന്റുകളാണ് സിന്ധുവിന് നഷ്ടമായത്. 14-18ന് യമാഗുച്ചി മുന്നിലെത്തുകയും ചെയ്തു. പിന്നീട് ഒരു പോയിന്റ് കൂടി വിട്ടുനല്‍കി 15-21ന് ജപ്പാനീസ് താരം ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ഒരിക്കല്‍ പോലും സിന്ധുവിന് നാലാം നമ്പറെ വെല്ലുവിളിക്കാനായില്ല. 9-12നും പിന്നാലെ 10-15ലേക്കും യമാഗുച്ചി ലീഡുയര്‍ത്തി. ഇടയ്‌ക്ക് സിന്ധു പൊരുതാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. 16-21ന് ജയിച്ച് യമാഗുച്ചി കിരീടം സ്വന്തമാക്കി.
















