ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് പിടിച്ചുകെട്ടാനാവാത്ത വിധം നമ്മുടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മലബാറില്‍ ലഹരി അധോലോക സംഘം അപകടകരമായി പിടിമുറുക്കിയിരിക്കുന്നു. ബോധവല്‍ക്കരണവും സമൂഹത്തിന്റെ ചെറുത്തുനില്‍പ്പും ശക്തി പ്രാപിച്ചിട്ടും കഞ്ചാവുപോലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ വിനിമയത്തിലൂടെ കോടികള്‍ സമ്പാദിക്കുന്നവര്‍ക്ക് ഒരു കുലുക്കവുമില്ല. ലഹരിയുടെ ഉന്മത്തതയില് ഭ്രമിച്ചുപോയ യുവതലമുറയെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളൊക്കെയും പരാജയം രുചിക്കുകയാണ്. നമ്മുടെ മക്കള്‍ സംശുദ്ധരാണ്, എന്ന പൊതുബോധം തെറ്റിപ്പോയെന്ന് മനസ്സിലാക്കുന്നത് മറുമരുന്നുകൊണ്ട് ഫലപ്രാപ്തി ഇല്ലാത്ത അവസ്ഥവരെ വരുമ്പോഴാണ്. അതിനേക്കാള്‍ അതിശയകരം, ഇതൊന്നും ഇന്നും നമ്മെ തെല്ലും ആശങ്കപ്പെടുത്തുന്നില്ലായെന്നതാണ്. ലഹരിക്കടിമപ്പെടുന്ന യുവാക്കളിലൂടെ ഗൂഢ സംഘങ്ങള്‍ തങ്ങളുടെ വന്‍ സാമ്രാജ്യം പടുത്തുയര്‍ത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണ്ടെത്തല്‍.
മറ്റു വിദേശ മയക്കുമരുന്നുകളെ അപേക്ഷിച്ച് വിലക്കുറവാണെന്നതും നമ്മുടെ നാട്ടില്‍ സുലഭമാണെന്നതുംകൊണ്ടു കഞ്ചാവിനു തന്നെയാണ് യുവാക്കള്‍ക്കിടയില്‍ ഏറെ പ്രിയം. പണമൊഴുക്കിയും തിണ്ണമിടുക്ക് കാട്ടിയും വിഹരിച്ചിരുന്ന കഞ്ചാവ് ലോബി മലബാറില്‍ ശക്തി പ്രാപിച്ചത് ലഹരി മാഫിയകളുടെ അധോലോക പ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ചാണ്.
മാസങ്ങള്‍ക്കുമുമ്പ് കാസര്‍കോട് ജില്ലയിലെ പാലക്കുന്നില്‍ കഞ്ചാവ് സംഘംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഈ മാഫിയയെ തുടച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ഫോഴ്സും മതിയാവില്ലെന്ന അവസ്ഥയാണ്. കാസര്‍കോട്ടെ ഒരു സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പുറത്തുവിട്ട വിവരങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെടികളെ വെള്ളവും വളവും നല്കി ഘട്ടം ഘട്ടമായി പരിപാലിക്കുന്നത് പോലെ കുട്ടികളെ സ്കൂള്‍തലം തൊട്ടേ മയക്കുമരുന്നിന്റെ ലഹരി ലോകത്തേക്കാനയിക്കുകയാണിവര്‍. സ്റ്റാമ്പുകളിലും മിഠായികളിലും ലഹരി ചേര്‍ത്ത് ആദ്യം സൗജന്യമായും പിന്നീട് പണംവാങ്ങിയും നല്കി വിദ്യാര്‍ത്ഥികളെ വരുതിയിലാക്കുന്നു.
പിന്നീട് ഇ-സിഗരറ്റുകള്‍ (പേന പോലെ തോന്നിക്കുന്ന മിയ, ബ്ലൂ വൈറ്റ് ലഹരി ലായനികള്‍ ചേര്‍ത്ത സിഗരറ്റ്) നല്‍കിയും പതിയെ കഞ്ചാവിലേക്ക് നയിക്കുന്നു. ഇ-സിഗരറ്റിന് അടിമയാകുന്ന കുട്ടികളെ ക്രമേണ കഞ്ചാവിന്റെ ഉപഭോക്താക്കളാക്കി മാറ്റുന്നു.
കര്‍ണ്ണാടകയുടെ അതിര്‍ത്തി ജില്ലയായ കാസര്‍കോട് കഞ്ചാവിന്റെ വിളനിലമായിട്ട് പതിറ്റാണ്ടുകളോളമായി. അതിര്‍ത്തി പ്രദേശങ്ങളില്‍ കഞ്ചാവ് ലോബികള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടുന്നു. ഏതാനും വര്‍ഷംമുമ്പ് കഞ്ചാവ് ലോബിയുടെ കുടിപ്പക മൂര്‍ച്ഛിച്ച് മൊഗ്രാല്‍ പുത്തൂരിനടുത്ത് വ്യാപകമായ അക്രമവും കൊലപാതകവും അരങ്ങേറി. കഞ്ചാവ് ലോബിയില്‍പ്പെട്ട സംഘാംഗങ്ങള്‍ ഭീതിവിതച്ച് പോരടിക്കുന്നത് ഇവിടെ ആശങ്ക പടര്‍ത്തുന്നുമുണ്ട്. പോലീസ് അധികാരികള്‍ക്ക് കുലുക്കമില്ല. കഞ്ചാവ് ലോബി പൊലീസിനേക്കാളും സായുധരായതിന് ഉത്തരവാദികള്‍ അധികാരി വര്‍ഗ്ഗം തന്നെയാണ്. പൊലീസ് ഫോഴ്സിനെ വിലയ്ക്കുവാങ്ങാനും തങ്ങളുടെ സാമ്രാജ്യ സൃഷ്ടിക്ക് വിലങ്ങു തടിയാകുന്നവരെ ഇല്ലായ്മ ചെയ്യാനും തക്കവണ്ണം പ്രബലരായിക്കഴിഞ്ഞിരിക്കുന്നു ഈ ഗൂഢസംഘങ്ങള്‍.
പതിനഞ്ചുകാരന്റെ മരണം
ഒരു വര്‍ഷം മുമ്പ് കാസര്‍കോട് ചെമ്പരിക്കടുത്ത് ഒരു പതിനഞ്ചുകാരന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. വസ്ത്രം വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ അഞ്ച് ദിവസങ്ങള്‍ക്കുശേഷം കളനാട് റെയില്‍ പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഴുകിയ ജഡം പുല്ലുകൊണ്ട് മൂടിവെച്ചതും തീവണ്ടി തട്ടിയതിന്റെ പാടുകള്‍ ഇല്ലാതിരുന്നതും സംശയത്തിനിടയാക്കി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിദ്യാര്‍ത്ഥിയുടെ മരണവിവരം അഞ്ച് ദിവസത്തോളം മൂടിവെച്ചത് കൂടുതല്‍ ദുരൂഹതയ്ക്കിടയാക്കി. ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. കഞ്ചാവ് വില്‍പ്പനയുടെ പരിശീലനം ലഭിച്ച കാരിയര്‍മാരായിരുന്നു പിടിയിലായവര്‍. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയെ സംഘത്തില്‍ ചേര്‍ക്കാന്‍ ആവുംവിധം ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചതായി പറയപ്പെടുന്നു. ഈ കേസില്‍ അന്വേഷണം നടത്തിവരവേയാണ് മംഗലാപുരത്തിനടുത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയടക്കമുള്ള കഞ്ചാവ് ലോബിയെ പൊലീസ് പിടികൂടിയത്. ഏതാനും വര്‍ഷംമുമ്പ് വിവാഹിതയായ യുവതി കഞ്ചാവിന് അടിമയാണെന്നും കൂടെയുണ്ടായിരുന്നവര്‍ സ്കൂള്‍തലം തൊട്ടേ യുവതി കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരായിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഈ കേസിലും വിശദമായൊരു അന്വേഷണമോ കഞ്ചാവ് മാഫിയയുടെ വേരുകള്‍ തേടിയുള്ള നീക്കമോ നടന്നില്ല. സമാനമായ ഒരു കേസ് മലബാറിന്റെ തെക്കന്‍ മേഖലയിലും നടന്നിരുന്നു.
ഒഴുക്ക് അയലത്തുനിന്ന്
കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് മലബാര്‍ ജില്ലകളിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തുന്നത്. തീവണ്ടിയില്‍ നിത്യയാത്രക്കാരായ കഞ്ചാവ് ലോബി, കോളേജ് വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. റെയില്‍വേ പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയും കണ്ണുവെട്ടിച്ച് ട്രെയിനുകളില്‍ കടത്തുന്ന കഞ്ചാവും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ചാണ് വിതരണം. കണ്ണൂര്‍ കൂത്തുപറമ്പില്‍ എക്സൈസ് സംഘം കഴിഞ്ഞദിവസം പതിനഞ്ച് ഗ്രാം മെത്തലിന്‍ ഡൈയോക്സിമെത്ത് ആംഫിറ്റാമിന്‍ ലഹരി മരുന്നുമായി ഒരു യുവാവ് പിടിയിലായിരുന്നു. ബെംഗളൂരുവില്‍നിന്നാണ് ഇവയെത്തുന്നതെന്നും മുഖ്യമായും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് വില്‍പ്പന നടത്തുന്നതെന്നും പിടിയിലായ യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൂടുതലും വിദ്യാര്‍ത്ഥികള്‍
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച കാരിയര്‍മാര്‍ തന്നെയുണ്ട്. ഉയര്‍ന്ന പ്രതിഫലമടക്കം മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് കാരിയര്‍മാരെ ഇത്തരം ഗൂഢസംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.
കര്‍ണ്ണാടകയിലെ മംഗലാപുരത്തും കൂര്‍ഗ്ഗ് ഭാഗങ്ങളിലും മലയാളികളായ ഏജന്റുമാര്‍ തന്നെയാണ് വിപണന മേഖലയെ നിയന്ത്രിക്കുന്നത്. ഈയിടെ ഗോവയില്‍നിന്ന് കൊണ്ടുവന്ന ലക്ഷങ്ങളുടെ ‘ചരസു’മായി ഒരു യുവാവ് കണ്ണൂര്‍ പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. മലപ്പുറം ജില്ലയിലെ ലഹരി മാഫിയയുടെ ഇടനിലക്കാരനാണ് പിടിയിലായ യുവാവെന്നും ഇവരുടെ സംഘം മലബാറില്‍ വന്‍ ലഹരി മാഫിയാ സാമ്രാജ്യംതന്നെ സൃഷ്ടിച്ചിരിക്കുകയാണെന്നും പോലീസ് കണ്ടെത്തി. പലപ്പോഴും മാഫിയാ തലവന്മാര് പൊലീസിന്റെ പിടിയിലകപ്പെടാറില്ല. ചെറുമീനുകള്‍ അകപ്പെടുമ്പോള്‍ വമ്പന്‍ സ്രാവുകള്‍ പണമൊഴുക്കി വഴുതുന്നു.
കേരളത്തിലേക്ക് മയക്കുമരുന്ന് പുഴയൊഴുക്കുന്ന വന്‍ സംഘത്തിലെ ഒരാള്‍ കര്‍ണ്ണാടകയിലെ പുത്തൂരില്‍ പിടിയിലായത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഉത്തരേന്ത്യക്കാരായ ഇയാള്‍ പക്ഷേ, ഇരുമ്പഴികള്‍ കാണാതെ രക്ഷപ്പെടുകയും ചെയ്തു. ഇത് പിന്നീട് ഏറെ വിവാദമായി. കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു. അന്ന് രക്ഷപ്പെട്ട വമ്പന്‍ ഇന്നും നിയമത്തിന്റെ കരങ്ങള്‍ക്ക് എത്രയോ കാതം അകലെയായി കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: