ജക്കാര്‍ത്ത: ഇന്ത്യയുടെ മുന്‍നിര താരമായ പി.വി. സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
അഞ്ചാം സീഡായ സിന്ധു പ്രീ ക്വാര്‍ട്ടറില്‍ അണ്‍സീഡായ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക്് തോല്‍പ്പിച്ചു. സ്‌കോര്‍ 21-14, 17-21, 21-11. മത്സരം ഒരു മണിക്കൂര്‍ രണ്ട് മിനിറ്റ് നീണ്ടു. ഈ വര്‍ഷം മിയക്കെതിരെ സിന്ധു നേടുന്ന മൂന്നാം വിജയമാണിത്.
ജപ്പാന്റെ നൊസോമി ഒകുഹാരയാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. മലേഷ്യയുടെ സോണില ചീയെ അനായാസം മറികടന്നാണ് ഒകുഹാര ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-7, 21-16.പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ രങ്കിറെഡ്ഡി- ചിരാംഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി. ഒന്നാം സീഡായ മാര്‍ക്കസ്- കെവിന്‍ ടീമാണ് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 21-14.
















