ലണ്ടൻ: ബൗണ്ടറികളുടെ എണ്ണം നോക്കി ലോകകപ്പ് ജേതാക്കളെ നിശ്ചയിച്ച നിയമത്തിനെതിരെ മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. ലോർഡ്‌സിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആവേശഭരിതമായ ഫൈനലിലും സൂപ്പർ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെയാണ് കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്. മത്സരത്തിലും സൂപ്പർ ഓവറിലുമായി ഇംഗ്ലണ്ട് 26 ബൗണ്ടറികൾ നേടി. ന്യൂസിലൻഡ് പതിനേഴും.
മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, മുഹമ്മദ് കൈഫ്, മുൻ ഓസീസ് താരങ്ങളായ ബ്രെറ്റ് ലീ, ഡീൻ ജോൺസ്, ന്യൂസിൻഡ് മുൻ ബാറ്റ്‌സ്മാൻ സ്റ്റീഫൻ ഫ്‌ളെമിങ് തുടങ്ങിയവർ ഈ നിയമം ശരിയല്ലെന്ന് വ്യക്തമാക്കി.
ബൗണ്ടറികൾ എണ്ണി ജേതാക്കളെ തീരുമാനിക്കുന്ന നിയമവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ട്. ഫൈനലിലും സൂപ്പർ ഓവറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന സാഹചര്യത്തിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കണമായിരുന്നെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു.
ഈ നിയമം വിഡ്ഡിത്തരമാണ്. മത്സരം ടൈ ആയതിനാൽ ഇരു ടീമുകളും ട്രോഫി പങ്കുവയ്‌ക്കണമെന്ന് ഗൗതം ഗംഭീർ വ്യക്തമാക്കി. ഇതേ രീതിയിൽ വിജയികളെ നിശ്ചയിച്ചത് ഭയങ്കര ചതിയായിപ്പോയി. ഈ നിയമം മാറ്റുകതന്നെ വേണമെന്ന് ബ്രറ്റ് ലീ ആവശ്യപ്പെട്ടു.
ബൗണ്ടറികൾ എണ്ണി നോക്കി ജേതാക്കളെ നിശ്ചിയിക്കുന്ന നിയമം ശരിയല്ല. അത് പുനപരിശോധിക്കണമെന്ന് ഡീൻ ജോൺസ് പറഞ്ഞു.
ഇത് ക്രൂരമായിപ്പോയെന്ന് ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്‌ളെമിങ് പ്രതികരിച്ചു. ക്രിക്കറ്റിലെ പല നിയമങ്ങളും പുനപരിശോധിക്കണമെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ ആവശ്യപ്പെട്ടു.
















