കൊല്‍ക്കത്ത: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലക സ്ഥാനത്തുനിന്ന് വിഖ്യാത ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കല്ലിസ് പടിയിറങ്ങി. ബാറ്റിങ് പരിശീലകനായിരുന്ന സൈമണ്‍ കാറ്റിച്ചും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്.
ജാക്ക് കല്ലിസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിട്ട് ഒന്‍പത് വര്‍ഷങ്ങളായി. കളിക്കാരനായി ക്ലബിലെത്തിയ കല്ലിസിനെ 2015 ഒക്ടോബറില്‍ പരിശീലകനായി നിയമിച്ചു. ഏതാണ്ട് ഇതേസമയത്ത് തന്നെയാണ് കാറ്റിച്ചും പരിശീലക സംഘത്തില്‍ എത്തിയത്. ഇരുവര്‍ക്കും കീഴില്‍ 61 മത്സരങ്ങളില്‍ 32 എണ്ണത്തിലാണ് നൈറ്റ് റൈഡേഴ്സ് വിജയിച്ചത്.
2016ലാണ് കൊല്‍ക്കത്തന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി കാറ്റിച്ച് നിയമിക്കപ്പെട്ടത്. 2019ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചാം സ്ഥാനത്തായാണ് കൊല്‍ക്കത്ത സീസണ്‍ അവസാനിപ്പിച്ചത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തയ്‌ക്ക് പ്ലേ ഓഫ് പ്രവേശനം നഷ്ടമായത്. കാലിസിനു പകരക്കാരനെ ക്ലബ് പ്രഖ്യാപിച്ചിട്ടില്ല.
താരമായും ഉപദേശകനായും പരിശീലകനായും ഒന്‍പത് വര്‍ഷം ചെലവഴിച്ച ക്ലബിന് കാലിസ് നന്ദിയറിയിച്ചു. പുതിയ അവസരങ്ങള്‍ തേടാനുള്ള സമയമാണിത് എന്നാണ് കല്ലിസിന്റെ പ്രതികരണം.
















