ലോര്‍ഡ്‌സ്: പന്ത്രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് കൊടിയിറങ്ങും. ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ മറികടന്നാണ് കിവീസ് കലാശപ്പോരിന് എത്തുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ടീമാണ് ഇംഗ്ലണ്ട്. ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലും. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ ലോകകിരീടം കിട്ടാക്കനിയാണ്. എന്തായാലും ഒരു പുതിയ ലോക ചാമ്പ്യനെയാണ് ലോര്‍ഡ്‌സ് കാത്തിരിക്കുന്നത്. കെയ്ന്‍ വില്യംസണോ, ഇയോന്‍ മോര്‍ഗനോ ആരായിരിക്കും കപ്പുയര്‍ത്തുക.
പ്രാഥമിക റൗണ്ടില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസവും ഇംഗ്ലണ്ടിനുണ്ട്. 119 റണ്‍സിനായിരുന്നു ആദ്യ റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ ജയം.
എന്നാല്‍ പരീക്ഷണങ്ങള്‍ അതിജീവിച്ചാണ് ന്യൂസിലന്‍ഡ് എത്തുന്നത്. നന്നായി തുടങ്ങുകയും പിന്നീട് നിറം മങ്ങുകയും ചെയ്ത ടീം ഇന്ത്യയെ മറികടന്നാണ് സെമിയില്‍ എത്തിയത്. എന്നാല്‍ ആദ്യ റൗണ്ടില്‍ തുടര്‍ച്ചയായി അഞ്ച് വിജയങ്ങള്‍ നേടിയശേഷം പിന്നീടുള്ള എല്ലാ മത്സരങ്ങളും തോല്‍ക്കാനായിരുന്നു അവരുടെ വിധി.
ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോവ്, ജോ റൂട്ട്, മോര്‍ഗന്‍ എന്നിവരാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ നെടുംതൂണ്‍. ബൗളര്‍മാരില്‍ ന്യൂസിലന്‍ഡ് ഏറ്റവും ഭയപ്പെടുക ജോഫ്രെ ആര്‍ച്ചറെയും ക്രിസ് വോക്‌സിനെയുമായിരിക്കും. ആര്‍ച്ചറുടെയും വോക്‌സിന്റെയും അതിവേഗ പന്തുകള്‍ സൂക്ഷിച്ച് നേരിട്ടില്ലെങ്കില്‍ ന്യൂസിലന്‍ഡ് സ്വപ്‌നം തകര്‍ന്നടിയുമെന്ന് ഉറപ്പ്. മാര്‍ക് വുഡ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ് തുടങ്ങിയവരും എതിര്‍ നിരയെ തകര്‍ത്തെറിയാന്‍ കെല്പുള്ളവരാണ്.
കെയ്ന്‍ വില്യംസണിന്റെയും റോസ് ടെയ്ലറുടെയും ബാറ്റിങ്ങ് ഫോമിനനുസരിച്ചായിരിക്കും ന്യൂസിലന്‍ഡ് സ്വപ്‌നങ്ങള്‍. ഓപ്പണര്‍മാര്‍ നല്ല തുടക്കം നല്‍കാത്തതും കിവികളെ ബുദ്ധിമുട്ടിക്കുന്നു.
ബാറ്റിങ്ങിനെ അപേക്ഷിച്ച് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ഫെര്‍ഗൂസന്‍, ജയിംസ് നീഷം, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഇരുതലമൂര്‍ച്ചയുള്ള വാളുകളാണ്.
















