ബിര്‍മിംഗ്ഹാം: ഇംഗ്ലണ്ട് ഓപ്പണര്‍ ജാസണ്‍ റോയ് വിലക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഇതോടെ താരത്തിന് നാളെ ന്യൂസിലന്‍ഡുമായി നടക്കുന്ന ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ കഴിയും.
ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലില്‍ അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചതിന് റോയ്‌ക്കു സസ്‌പെന്‍ഷന്‍ ലഭിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ശിക്ഷ പിഴയില്‍ ഒതുക്കാന്‍ മാച്ച് റഫറി രഞ്ജന്‍ മദുഗുലെ തീരുമാനിക്കുകയായിരുന്നു. മാച്ച് ഫീയുടെ 30 ശതമാനമാണ് റോയി പിഴ നല്‍കേണ്ടത്. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റം റോയ് ചെയ്തെന്ന് കണ്ടെത്തിയ മാച്ച് റഫറി രണ്ട് ഡീമെറിറ്റ് പോയിന്റും വിധിച്ചിട്ടുണ്ട്.
85 റണ്‍സുമായി സെഞ്ചുറിയിലേക്കു കുതിക്കവെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് റോയ് പുറത്താകുന്നത്. പന്ത് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി കൈപ്പിടിയിലൊതുക്കിയെങ്കിലും ബാറ്റിലുരസിയിരുന്നില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ അപ്പീലില്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന ഔട്ട് വിധിച്ചു. തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ജാസണ്‍ റോയി ഗ്രൗണ്ടില്‍ നിന്നു. ഇതേതുടര്‍ന്ന് അമ്പയര്‍ മറിയസ് എറാസ്മസ് ഇടപെട്ട് പവലിയനിലേക്കു പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
റോയ്‌യെ ഔട്ട് വിധിച്ച ശേഷം ധര്‍മസേന ടിവി ചിഹ്നം കാണിച്ചത് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ജോണി ബൈര്‍സ്‌റ്റോവ് ഇംഗ്ലണ്ടിന്റെ ഏക റിവ്യു നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ അമ്പയര്‍ റിവ്യൂ സിഗ്‌നല്‍ കാണിച്ചു. ഓസ്‌ട്രേലിയയാണ് ഈ തെറ്റ് ചൂണ്ടിക്കാണിച്ചത്. അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് റോയി ഗ്രൗണ്ട് വിട്ടത്.
















