അവശിഷ്ട സിപിഎമ്മില്‍ ഇനി നടക്കാനിരിക്കുന്നത് കടുത്ത വിഭാഗീയതയാണ്. പ്രത്യയശാസ്ത്ര പോരാട്ടമെന്ന രീതിയില്‍ പി. ജയരാജന്‍ ഉയര്‍ത്തിയേക്കാവുന്ന കുറെയധികം ചോദ്യങ്ങളുണ്ട്. പ്രത്യേക ലക്ഷ്യംവച്ച ഈ ചോദ്യങ്ങള്‍ ഉയരാതിരിക്കാന്‍ കടുത്ത പ്രതിരോധം തീര്‍ക്കുകയാണ് എതിര്‍പക്ഷം. തെരഞ്ഞടുപ്പില്‍ പരക്കെയുണ്ടായ പരാജയത്തിന്റെ കാരണത്തില്‍ പ്രമുഖമായത് അക്രമരാഷ്‌ട്രീയത്തിന്റെ അപ്പോസ്തലനായ പി. ജയരാജന്‍ നടത്തുന്ന ആക്രമണ പ്രവര്‍ത്തനമാണന്ന് ഇ.പി. ജയരാജന്‍ പക്ഷം ശക്തിയായി ഉന്നയിക്കുന്നു. എന്നാല്‍ സ്വകാര്യ താല്‍പര്യത്തിനായി അവസരവാദനിലപാട് എടുക്കുകയും നേതാക്കള്‍ കമ്യൂണിസ്റ്റ് ജീവിതരീതി കൈവിടുകയും ചെയ്തപ്പോള്‍ ഏത് സ്റ്റാലിനിസ്റ്റ് സംഘടനയ്‌ക്കും ഉണ്ടാകുന്ന സ്വാഭാവിക തിരിച്ചടിയാണെന്നാണ് പി. ജയരാജന്റെ പ്രത്യയശാസ്ത്ര വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള മറുവാദം.
സംഘപരിവാറിനെ പ്രതിരോധിക്കുന്നതിന്റെ പേരില്‍ പാര്‍ട്ടിയിലെ വിശ്വാസികള്‍ എന്ന് പറയുന്നവരെ സംഘടിപ്പിച്ച് യോഗ, രാമായണമാസാചരണം, അഷ്ടമിരോഹിണി, രക്ഷാബന്ധന്‍ തുടങ്ങി ഗണേശോത്സവംവരെ സംഘടിപ്പിച്ച് അവസാനം സ്വയം പാര്‍ത്ഥസാരഥിയായാണ് ‘പിജെ’ എന്ന ബിംബം പൊളിറ്റിക്കല്‍ കണ്ണൂരില്‍ സ്ഥാപിതമാകുന്നത്. ഈ പിജെ ബിംബത്തിന്റെ അംഗങ്ങളെ ഓരോന്നായി തകര്‍ക്കുക എന്നതിനുവേണ്ടി പിണറായി വിജയന്‍ ശബരിമല വിഷയത്തെപ്പോലും ഉപയോഗിച്ചു.
നവോത്ഥാനത്തിന്റെയും കോടതിവിധിയുടെയും പേരില്‍ ശബരിമലയില്‍ പിണറായി വിജയന്‍ നടത്തിയ അശ്ലീലപരവും പ്രകോപനപരവുമായ പല ഇടപെടലുകള്‍ക്കും കാരണമായത് പി. ജയരാജന്റെ ശബരിമല വിഷയത്തിലെ മൗനം എന്ന നിലപാടാണ്. വിശ്വാസികളെ സംഘടിപ്പിച്ച് അവരെ പതുക്കെ ഭൗതികവാദത്തില്‍ എത്തിക്കാനായി വടക്കന്‍ മലബാറിലെ ക്ഷേത്രങ്ങളും കാവുകളും പിടിച്ചെടുത്ത്, അവ കേന്ദ്രീകരിച്ച് പി. ജയരാജന്‍ നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകള്‍ അട്ടിമറിക്കാന്‍ പിണറായിക്ക് ഒരു പരിധിവരെ സാധിച്ചു. പി. ജയരാജന്‍ രക്ഷാധികാരിയായ ജീവകാരുണ്യസംഘടന കുറച്ചുകാലമായി ശബരിമല തീര്‍ത്ഥാടകര്‍ക്കായി നടത്തിയ സൗജന്യ സേവനപദ്ധതികള്‍ തകര്‍ക്കാനും പിണറായിക്ക് സാധിച്ചു.
എന്നിരുന്നാലും, സിപിഎമ്മിന് നേരിട്ടത് പ്രത്യയശാസ്ത്ര പാളിച്ചയല്ലെന്നും നേതാക്കള്‍ അധികാരത്തിനായി നടത്തിയ അവസരവാദപരമായ പ്രതിലോമപ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്നും കരുതുന്ന പഴയ തലമുറ കമൂണിസ്റ്റ്കാരുടെ പ്രതീക്ഷയാണ് ‘പിജെ.’ കമ്മ്യൂണിസ്റ്റ് ജീവിതരീതി കൈവിട്ടവരെയും അപചയം ബാധിച്ച നേതാക്കളെയും ചോദ്യം ചെയ്യാത്തവരെ കുറ്റവാളികളായി കാണുന്ന പഴയ അച്ചുതാനന്ദന്‍ ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നവര്‍ക്ക് പി. ജയരാജന്‍ താരകമാണ്. ഈ രാഷ്‌ട്രീയ ഇടം മനസ്സിലാക്കിത്തന്നെയാണ് പി. ജയരാജന്റെ നീക്കങ്ങളും. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെവന്ന പുതിയ ആരോപണവും പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയും പാര്‍ട്ടിക്ക് ക്ഷീണം ചെയ്തെങ്കിലും പി. ജയരാജന് ഗുണം ചെയ്തു.
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം വരെയുള്ള ‘പൊളിറ്റിക്കല്‍ കണ്ണൂര്‍’ എന്ന പിജെ സ്വാധീന ഭൂപരിധി അതിലംഘിക്കാനുള്ള രാഷ്‌ട്രീയ സ്വാധീനം പി. ജയരാജന് ഇല്ലെന്ന് ഔദ്യോഗിക പക്ഷത്തിനറിയാം. അക്രമരാഷ്‌ട്രിയത്തിന്റെ പാപക്കറയെ അത്രപെട്ടന്ന് പരിഷ്‌കൃത സമൂഹം മറക്കില്ല. ഇതുവരെ പ്രതിയായ കേസുകളെല്ലാം പാര്‍ട്ടിക്കുവേണ്ടിയാണെന്ന വാദം വിശ്വസിക്കുന്നവരാണ് പൊളിറ്റിക്കല്‍ കണ്ണൂരിലെ അടിസ്ഥാന പ്രവര്‍ത്തകര്‍. എന്നാല്‍ ബാക്കി കേരളം അത് വിശ്വസിക്കില്ല.
സിഒറ്റി നസീര്‍ എന്ന മുന്‍ സിപിഎം കൗണ്‍സിലറെ വധിക്കാന്‍ ശ്രമിച്ച കേസ് പി. ജയരാജന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍, സ്ഥലം എംഎല്‍എ നടത്തിയതാണന്ന വാദം, അക്രമം നടന്ന ദിവസംതന്നെ പുറത്തുവന്നത് പി. ജയരാജന്റെ ഈ മേഘലയിലെ സ്വാധീനം വ്യക്തമാക്കുന്നു.
എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വധിച്ച് രക്തംപുരണ്ട വസ്ത്രഭാഗം ആര്‍എസ്എസ് കാര്യാലയത്തിന് സമീപം കൊണ്ടിട്ട അതേ കോടിയേരിബുദ്ധിയാണ് സിഒറ്റി നസീര്‍ വധശ്രമത്തിലും കണ്ടത്. ഒന്നില്‍ ലക്ഷ്യം ആര്‍എസ്എസ് എങ്കില്‍ ഇവിടെ ലക്ഷ്യം പിജെ എന്ന ബിംബം.
കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന്‍, പി.കെ. ശ്യാമള, ഇ.പി. ജയരാജന്‍, ഷംസീര്‍ എംഎല്‍എ, ശൈലജ ടീച്ചര്‍ തുടങ്ങി പിണറായി വിജയന്‍ വരെയുള്ള പൊളിറ്റിക്കല്‍ കണ്ണൂരിലെ നേതാക്കളും കമ്മൂണിസ്റ്റേതര ജീവിതത്തിന്റെയോ അനധികൃത സ്വത്ത് സമ്പാധനത്തിന്റെയോ ജീര്‍ണ്ണത പേറുന്നവരാണ്. അഴിമതി സന്തതികള്‍ എനിക്കില്ലെന്ന് പി. ജയരാജന്‍ ഇടയ്‌ക്കിടക്ക് പൊതുസമൂഹത്തില്‍ പറയുന്നത് കാറ്റും വെളിച്ചവും കയറാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇടിമുഴക്കമായാണ് മാറുന്നത്. അതുവഴി പാര്‍ട്ടി രേഖകള്‍ക്ക് വിരുദ്ധമായി നടത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തനത്തിനെതിരെ വരുന്ന ആരോപണത്തെ ബിംബാരാധകര്‍ക്ക് പ്രധിരോധിക്കാന്‍ കഴിയുന്നു. അഴിമതിക്കാരായ കച്ചവടക്കാര്‍ക്ക് അധികാരസ്ഥാനത്തേക്ക് ചാലുകോരാനുള്ള എളുപ്പവഴിയാണ് വ്യവസായവകുപ്പ്. ആ തരത്തില്‍ ഭരണവര്‍ഗ്ഗമായി ജീര്‍ണ്ണിച്ച നേതാക്കളില്‍നിന്നു തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെ രക്ഷപ്പെടുത്തുക എന്ന ദൗത്യം ഏറ്റടുത്തിരിക്കുകയാണെന്ന് പറയാതെ പറഞ്ഞുവയ്‌ക്കുകയാണ് പി. ജയരാജന്‍.
പാര്‍ട്ടിക്കുവേണ്ടി ത്യാഗംസഹിച്ച പോരാളിയായും തേരാളിയായും കഥയായും കവിതയായും കഥാപാത്രമായും പി. ജയരാജന്‍ സിപിഎം പ്രവര്‍ത്തകരില്‍ പിജെ എന്ന ബിംബമായി രൂപപ്പെട്ടുകഴിഞ്ഞു. പൊളിറ്റിക്കല്‍ കണ്ണൂരിന്റെ ഈ ബിംബത്തിന്റെ അംഗഛേദനവഴികളാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി സിപിഎമ്മില്‍ നടക്കുന്ന, ഏക സംഘടനാപ്രവര്‍ത്തനം. തിന്മയുടെ പ്രതീകങ്ങളായ വ്യക്തികള്‍ നേതാക്കളുടെ ബന്ധുവായാല്‍ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്ന പാര്‍ട്ടി തീരുമാനത്തിനെതിരെ പി. ജയരാജന്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് എത്രത്തോളം വിജയിക്കുമെന്ന് കാലമാണ് തെളിയിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: