തിരുവനന്തപുരം : അധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ സസ്പെന്‍ഷനിലായ പോലീസുകരന് പിറ്റേദിവസം തന്നെ ബാഡ്ജ് ഓഫ് ഓണര്‍ ആദരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കിളിമാനൂര്‍ സിഐ ആയ ബി.കെ. അരുണിനാണ് സസ്‌പെന്‍ഷനിലായ പിറ്റേന്നു തന്നെ പ്രത്യേക ആദരം ലഭിച്ചത്. കുറ്റാന്വേഷണ വൈദഗ്‌ദ്ധ്യത്തിനായാണ് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കിയത്.
പള്ളിക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ അന്വേഷണ മികവിനാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന അരുണിന് അവാര്‍ഡ്. അന്വേഷണ സംഘത്തില്‍ അന്നുണ്ടായിരുന്ന കിളിമാനൂര്‍ സിഐ വി.എസ്. പ്രദീപ് കുമാര്‍, വര്‍ക്കല സിഐ ആയിരുന്ന പി.വി. രാജേഷ് കുമാര്‍, പള്ളിക്കല്‍ എസ്‌ഐആയിരുന്ന ശ്യാംജി, ഷാഡോ പോലീസ് എസ്‌ഐ ഷിജു കെ.എല്‍.നായര്‍ എന്നിവര്‍ക്കും അരുണിനൊപ്പം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2018 മാര്‍ച്ചില്‍ മടവൂരില്‍ റേഡിയോ ജോക്കിയായ രാജേഷിനെ സ്വന്തം സ്റ്റുഡിയോയ്‌ക്ക് മുന്നില്‍ വച്ച് കാറില്‍ എത്തിയ സംഘം വെട്ടി കൊലപെടുത്തിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണ മികവിനാണ് പുരസ്‌കാരം.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതില്‍ പ്രതിയെ കണ്ടെത്തിയത്. ബി.കെ. അരുണ്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ മികച്ച ശുചിത്വ പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരവും കിളിമാനൂര്‍ സ്റ്റേഷന് ലഭിച്ചിട്ടുണ്ട്.
















