തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഹെല്‍മറ്റും, കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റും ധരിക്കണനെന്ന് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശ്ശനമായി നടപ്പാക്കാന്‍ നിര്‍ദേശം. ഗതാഗതവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റും, കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് കുറ്റപ്പെടുത്തുന്നുണ്ട്.
സുപ്രീം കോടതിയുടെ ഈ നിര്‍ദ്ദേശം പാലിക്കാത്തത് മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അധികാരമുണ്ടെന്നും ഗതാഗത സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പോലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. നേരത്തെ ഋഷിരാജ് സിങ് ഗതാഗത കമ്മീഷണറായിരുന്ന സമയത്ത് കാര്‍ യാത്രക്കാര്‍ക്കെല്ലാം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഗതാഗതമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമം കര്‍ശനമാക്കിയില്ല.
















