കൊച്ചി : വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ റിപ്പോര്‍ട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അനുകൂലമായിരുന്നില്ലെന്ന് അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്ത്. ഭൂമി ഇടപാട് കേസില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു.
എന്നാല്‍ അടുത്തിടെ ആലഞ്ചേരിയെ തന്നെ ഭരണം ഏല്‍പ്പിച്ചുകൊണ്ട് വത്തിക്കാന്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ കര്‍ദ്ദിനാളിന്റെ സഹായ മെത്രാന്മാരെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൈദിക സമൂഹം പ്രതിഷേധവുമായി രംഗതെത്തിയിട്ടുണ്ട്.
അതേസമയം അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കാന്‍ കഴിയുന്നതാണെന്ന് ജേക്കബ് മാനത്തോടത്ത്. കര്‍ദ്ദിനാളുമായി ചര്‍ച്ച നടത്തും. വൈദികരുടെ വികാരങ്ങള്‍ പരിഗണിക്കണ്ടേതാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും സമ്പൂര്‍ണ സിനഡില്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്തില്‍ പൊതു സിനഡ് കൂടും. അതില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വത്തിക്കാനില്‍ നിന്നെത്തിയതിന് ശേഷം സഹായമെത്രാനുമായി ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തിരുന്നുവെന്നും വൈദികരുടെ വികാരങ്ങള്‍ പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തെ സ്ഥാനത്തു നിന്ന് നീക്കിയാണ് ആലഞ്ചേരിയെ വീണ്ടും അതിരൂപതാ അധ്യക്ഷനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ സഹായമെത്രാന്മാരെ നീക്കിയതും സഭയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
















