കണ്ണൂര്‍ : ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ് ആണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
കണ്‍വെന്‍ഷന്‍ സെന്ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ അനുമതി നല്‍കാമെന്നാണ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്ദ്ദീന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തനാനുമതി സംബന്ധിച്ച് സെക്രട്ടറി പരിശോധന നടത്തിയത്.
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തദ്ദേശമന്ത്രി എ. സി. മൊയ്ദ്ദീന്‍ ഇന്നലെ അംഗീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.
ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ ജൂണ്‍ 18നാണ് സാജന്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്.
തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള പലവിധത്തിലുള്ള തടസവാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
















