കൊച്ചി : മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനെത്തിയപ്പോള്‍ കോടതി ചെലവ് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ നിന്നും പിന്മാറുന്നില്ലെന്ന് കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതി ചെലവ് സുരേന്ദ്രനില്‍ നിന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ കോടതി ചെലവ് നല്‍കണം എന്നുണ്ടെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാര്‍ അല്ലെന്ന് സുരേന്ദ്രന്‍ കോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വാദം കേള്‍ക്കാന്‍ കേസ് ഈ മാസം 15 ലേക്ക് മാറ്റിവച്ചു.
2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി. ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് പോലുമെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറുകയായിരുന്നു. കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കവേയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതി ചെലവ് സുരേന്ദ്രനില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യമുന്നയിച്ചത്.
















