ആന്തൂറിയവും ചെമ്പനീര്‍പ്പൂവും പാരിജാതവും എല്ലാം കൂടി ആകെയൊരു ബിംബപരിവേഷമാണ് ആര്‍ത്തവ നവോത്ഥാനത്തിന് ശേഷമുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്. കെട്ട്യോളുണ്ടാക്കിയ പ്രശ്നം എം.വി. ഗോവിന്ദനും കുട്ട്യോളുണ്ടാക്കിയ പ്രശ്നം കോടിയേരിക്കും കുരുവായപ്പോഴാണ് കണ്ണൂരിസ്റ്റ് പാര്‍ട്ടിയുടെ തൊട്ടപ്പന്മാര് തമ്മിലടിക്കുന്നത്. കൊടിസുനിയെയും പി. ജയരാജനെയും ഒരുമിച്ച് ഒതുക്കാനാണ് ബ്രണ്ണന്‍ രാജാവിന്റെ ആലോചന. രണ്ടുപേരുമിപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുള്ള ക്വട്ടേഷന്‍ പണിക്ക് കരാറെടുക്കുന്നു എന്നാണ് പിണറായിയുടെ പേടി. ആര്‍ത്തവത്തിന് ആര്‍പ്പ് വിളിച്ചതില്‍പ്പിന്നെ ‘പണി’ ഏത് വഴിക്കുവരുമെന്ന് ഒരു പിടിയുമില്ല.
സിബിഐ എന്ന് കേട്ടാല്‍ നെഞ്ചുംതല്ലി വീഴുമെങ്കിലും ജയരാജാട്ടന് പിണറായിയോടും കോടിയേരിയോടുമൊന്നും തെല്ലും പേടിയില്ല. കണ്ണുരുട്ടിയാല്‍ തിരിച്ചുമുരുട്ടുന്ന പരുവത്തിലേക്ക് ചെങ്കതിര് വളര്‍ന്ന് വിളഞ്ഞിരിക്കുന്നു എന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. വടകരയില്‍ നിര്‍ത്തി തോല്പിച്ചപ്പോള് ഒതുങ്ങുമെന്ന് കരുതിയിടത്താണ് ആന്തൂറിയം സഖാത്തിയും ബാര്‍ഡാന്‍സ് നവോത്ഥാനവുമൊക്കെക്കൂടി ജയരാജാവിനെ പനപോലെ വളര്‍ത്തിയത്.
അയ്യപ്പന്‍വിളക്കും കഞ്ഞിസദ്യയും ശ്രീകൃഷ്ണജയന്തിയും വിനായകചതുര്‍ത്ഥിയുമൊക്കെ നടത്താന്‍ ചെങ്കൊടിയേന്തിയ സഖാക്കള്‍ക്ക് ലൈസന്‍സ് നല്കിയ സഖാവ് പി. ജയരാജന് ബിംബമാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത ബിംബം ആപ്പിലായതിന് പിന്നാലെയുണ്ടായ പൊട്ടി’ത്തെറി’കള്‍ക്കിടെയാണ് സിപിഎമ്മുകാരുടെ ആഗോള പാരിജാതപ്പൂവിന്റെ ബിംബപ്രയോഗം. അതും നിയമസഭയില്‍. കണ്ണൂരിലെ കവലകളില്‍ ജയരാജന്‍സഖാവിന്റെ കൂറ്റന്‍ ബോര്‍ഡുയര്‍ന്ന കാലത്തേ തുടങ്ങി പിണറായിയുടെ ചൊരുക്ക്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്തും പാര്‍ട്ടി ഉപ്പുവെച്ച കലം പോലെ വറ്റിത്തീരുന്ന ഘട്ടമെത്തിയപ്പോഴാണ് ചെങ്കതിരുണ്ടാക്കിയ അങ്കലാപ്പ് അത്ര ചെറുതല്ലെന്ന് പാരിജാതപ്പൂവിന് തോന്നിയത്. ഫലത്തില്‍ കണ്ണൂരിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് ബിംബങ്ങള്‍ തമ്മിലുള്ള തല്ലാണ്.
കൊന്നും കൊല്ലിച്ചും പാര്‍ട്ടിയെ വല്ലാതെ കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്നതിന് ജീവകാരുണ്യ പുരസ്കാരംവരെ തരപ്പെടുത്തിയ ആളാണ് ഒരു ബിംബം. കതിരൂരിലെ ചെങ്കതിരെന്നാണ് ബാലസംഘം പിള്ളേരെക്കൊണ്ട് ഫാന്‍സ് അസോസിയേഷന്കാര് പാടിച്ചത്. സ്വന്തമായി ഒരു ഗാനമേളക്കൂട്ടമുണ്ട് പുള്ളിക്ക്. എവിടെപ്പോയാലും അവര്‍ ഈ ചെങ്കതിരങ്ങ് വാരിവിതറും. അതിന്റെ ആവേശത്തിരയില്‍ ഇടതുകാല്‍വെച്ച് ബിംബരാജന്റെ വരവാണ്. വേട്ടപ്പട്ടി കുരയ്ക്കട്ടെ എന്ന് അകമ്പടി സോങ്. അതും ആവുന്നത്ര ഉച്ചത്തില്‍, മുഷ്ടിചുരുട്ടി ആകാശത്തിനിട്ടിടിച്ചാണ് ആക്രോശം…
ആര്‍എസ്എസിന്റെ ‘അഖിലേന്ത്യാപ്രചാരകന്മാരെയും കരസേനാമേധാവികളെ’യുമൊക്കെ പാര്‍ട്ടിയിലെത്തിച്ച വിശാലഹൃദയനാണ് ആശാനെന്നാണ് അണികളുടെ വായ്ത്താരി. ഓരൊക്കെ വന്നേപ്പിന്നെയാണ് കണ്ണൂരിസ്റ്റ് പാര്‍ട്ടി ചെഗുവേര സഖാവിന്റെ ബിംബമുണ്ടാക്കി നിമജ്ജനം ചെയ്യാന്‍ തീരുമാനിച്ചത്. ശ്രീകൃഷ്ണജയന്തിക്ക് ബാലഗോകുലത്തിലെ പിള്ളേര് കൊടീംപിടിച്ചിറങ്ങുന്നത് തടഞ്ഞുകളയുമെന്ന് ഒരിക്കല്‍ പ്രഖ്യാപിച്ച ബിംബന്‍ ആണ്ടൊന്ന് പിറന്ന് പൊലിഞ്ഞപ്പോള്‍ ഉടുപ്പ് മാറ്റി. ഞാളും കെട്ടും കൃഷ്ണവേഷമെന്നായി പ്രഖ്യാപനം. ഉടുപ്പിലും എടുപ്പിലും ആള് കംസബിംബനാണേലും കുട്ട്യോളും കെട്ട്യോളുമൊക്കെക്കൂടി കാവിക്കൊടി പിടിക്കുന്നത് തടയാന്‍ ഇതാണ് പറ്റിയ മാര്‍ഗമെന്ന തിരിച്ചറിവിലാണ് കൃഷ്ണജയന്തി ആഘോഷിച്ചുകളയാമെന്ന് കരുതിയത്.
അതൊന്നും കോടിയേരി, പിണറായി തമ്പ്രാന്മാര്ക്ക് ദഹിച്ചില്ല. തങ്ങള്‍ക്കും മീതെ ഒരു ബിംബം ഉയരുന്നത് അവര്‍ക്കു സഹിച്ചില്ല. അങ്ങനെയാണ് അന്നത്തെ ജന്മാഷ്ടമി ഓണാഘോഷമാക്കാന്‍ ജയരാജാട്ടന് നിര്‍ബന്ധിതനായത്.
പിണറായിയിലെ പാരിജാതപ്പൂ മുഖ്യമന്ത്രിയായി തിരുവനന്തപുരത്തേക്ക് പോയതില്‍പ്പിന്നെ കണ്ണൂരിസ്റ്റ് പാര്‍ട്ടിയില്‍ ബിംബവാഴ്ചയായിരുന്നു. സ്വന്തം പാര്‍ട്ടി ഓഫീസ് ആളെ വിട്ട് ആക്രമിക്കുക, അവിടിരിക്കുന്ന പ്രതിമകള്‍ തകര്‍ക്കുക, അതിന്റെ പേരില്‍ പിന്നെ ആര്‍എസ്എസുകാരെ ആക്രമിക്കുക, ആക്രമിക്കുന്നിടത്തൊക്കെ കാവിത്തോര്‍ത്തോ പച്ചക്കൊടിയോ വലിച്ചെറിയുക… എല്ലാം കലങ്ങിത്തെളിയുമ്പോള്‍ മതേതരത്വത്തിന്റെ ചെങ്കതിരുമായി രംഗത്തുവരിക. ഇതൊക്കെയാണ് കതിരൂര്‍ ബിംബന്റെ കലാപരിപാടികള്‍.
വിലപേശലും വിരട്ടലുമായി പാര്‍ട്ടിക്കകത്ത് ആര്മികള് രൂപപ്പെടുകയാണ്. കാസ്ട്രോയാക്കി മൂലയ്ക്കിരുത്താനും ഐറ്റം ഡാന്‍സറാക്കി വേദിയിലിറക്കാനും പറ്റിയ ഒന്നിനെ ബിംബം ചുമക്കുന്ന കഴുതയെന്ന് ഒരിക്കല്‍ വിളിച്ചവര്‍ സ്വയം ബിംബങ്ങളാകാന്‍ മത്സരിക്കുന്നു. ‘എരിയുന്ന ഭൂമിക്ക് കുളിരായി തീര്ന്നവന് പിണറായി’ എന്ന് പാടുമ്പോള്‍ വിജയന് കുളിരുന്നതുപോലെ ചെങ്കതിരൂര്‍ കതിരോന്‍ എന്ന് പാടുമ്പോള്‍ ജയരാജനും കുളിരും. കുളിരുകോരികള്‍ ഏറെയുള്ള പാര്‍ട്ടിയില്‍ അത് ഒരാള്‍ക്കേ പാടുള്ളൂ എന്നത് ദുശ്ശാഠ്യമാണ്. പിണറായിക്ക് അത് നല്ലതായിരിക്കില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ബിംബരാജാവിന്റെ മുഖപ്പുസ്തകത്തിലെ മക്കള്‍ മാഹാത്മ്യം. പണ്ടെങ്ങാണ്ട് എന്റെ ഒരു മോന് കല്ലുചുമന്നതും വേറൊരു മോന് ഹോട്ടലില്‍ പണിയെടുത്തതുമൊക്കെ അവരുടെ സുഹൃത്തുക്കള്‍ തമാശയായി പോസ്റ്റിയതൊക്കെ ഇപ്പോള്‍ ജയരാജന് വിളമ്പുന്നത് വെറുതെ തമാശിച്ചുകളയാനല്ല എന്ന് സാരം. ബിംബമാകാന്‍ മാത്രമല്ല ബിംബകല്പനകള് വാരിവിതറാനും അറിയാം ജയരാജനെന്ന് പിണറായി കരുതുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: