ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ 27 വർഷമായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് നേരിട്ട് കോടതിയില്‍ ഹാജരാകാനും വാദിക്കാനും മദ്രാസ് ഹൈക്കോടതി അനുമതി നൽകി. നളിനിയുടെ ആവശ്യം നിഷേധിക്കാന്‍ സാധിക്കില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, എം നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നളിനിയുടെ ആവശ്യം അംഗീകരിച്ചത്. ജൂലൈ അഞ്ചിന് 2.15ന് കോടതിയില്‍ ഹാജരാകാന്‍ നളിനിക്ക് കോടതി അനുമതി നല്‍കി. വെല്ലൂര്‍ വനിതാ ജയിലിലെ സൂപ്രണ്ടിനോട് തന്നെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് നളിനിയുടെ ഹര്‍ജിയിലെ ആവശ്യം. താന്‍ തന്നെ വാദിച്ചോളാം എന്നും അവര്‍ ബോധിപ്പിച്ചിരുന്നു.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ആറ് മാസം ജയില്‍മോചനം വേണമെന്ന് നളിനി നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മകളുടെ വിവാഹം ചൂണ്ടിക്കാട്ടി ഇടക്കാല മോചനം നല്‍കണമെന്ന് നളിനി നേരത്തെ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ശേഷം അവരുടെ അമ്മയും ഇതേ ആവശ്യം ഉന്നയിച്ചു. ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്.
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയാണ് നളിനിക്ക് ആദ്യം വിധിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ടാണ് 2000ല്‍ ജീവപര്യന്തമാക്കി കുറച്ചത്. നളിനിയെ മോചിപ്പിക്കണമെന്ന് കഴിഞ്ഞവര്‍ഷം തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ നടപടിയെടുത്തില്ല. 1991 മെയ് 21ന് ചെന്നൈക്കടുത്ത ശ്രീപെരുമ്പത്തൂരിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
















