അമേത്തി: രോഗബാധിതയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അകമ്പടിയായി എത്തിയ ആംബുലന്‍സ് വിട്ടുനല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രണ്ട് ദിവസം അമേത്തി സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. കേന്ദ്രമന്ത്രിയായി വീണ്ടും അധികാരത്തില്‍ എത്തിയ ശേഷം സ്മൃതി ഇറാനിയുടെ ആദ്യ അമേത്തി സന്ദര്‍ശനമാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനും സ്മൃതി ഇറാനിക്കൊപ്പം എത്തിയിരുന്നു.
മണ്ഡലത്തില്‍ കാറിലൂടെ സഞ്ചരിക്കവേ വഴിയില്‍ അപകടത്തില്‍ പരിക്കേറ്റ് നിസ്സഹായ ആയ സ്ത്രീയ്‌ക്കാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ സഹായം നല്‍കിയത്. തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ടുവിളിച്ച് അവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാനും സ്മൃതി മറന്നില്ല. യുവതിയെ ആംബുലന്‍സില്‍ കയറ്റുന്നതിനായി സൗകര്യമൊരുക്കിക്കൊടുക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോ ദൃശ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചികൊണ്ടിരിക്കുന്നത്. സന്ദര്‍ശനത്തിനിടെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വേദിയില്‍ കയറി മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീക്കും ഉടന്‍ തന്നെ കേന്ദ്രമന്ത്രി പ്രശ്‌ന പരിഹാരം കണ്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം സഹായി കൊല്ലപ്പെട്ടപ്പോള്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് സ്മൃതി ഇറാനി ഇതിനു മുമ്പ് അമേത്തിയില്‍ എത്തിയത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം കൊല്ലപ്പെട്ട സഹായിയുടെ കുടുംബാംഗങ്ങളെ സ്മൃതി ഇറാനി സന്ദര്‍ശിച്ചു. കൂടാതെ മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദത്തെടുത്ത അമേത്തിയിലെ ഗ്രാമത്തിലും ഇരുവരും സന്ദര്‍ശനം നടത്തി.
അമേത്തിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മന്ത്രി വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും നിര്‍വഹിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് സ്മൃതി ഇറാനി പാര്‍ലമെന്റിലെത്തിയത്.
















