ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ദരംദോറ കീഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് തെരച്ചില്‍ തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ കിഷ്ത്വാര്‍ ജില്ലയില്‍ ഭീകര സാന്നിധ്യം ഉണ്ടെന്ന വിവരത്തെതുടര്‍ന്ന് സൈന്യവും പോലീസും നായ്‌ക്കളെ ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചു. കെഷ്വന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച ഭീകരരുടെ രക്തത്തുള്ളികള്‍ മണപ്പിച്ചാണ് നായ്‌ക്കളെ തെരച്ചിലിനായി ഉപയോഗിക്കുന്നത്.
















