ന വിലക്ഷ്ണത്വാധികരണത്തിലെ അവസാന സൂത്രമാണ് ഇനി ചര്‍ച്ച ചെയ്യുന്നത്.
സൂത്രം തര്‍ക്കാപ്രതിഷ്ഠാനാദപ്യന്യഥാനുമേയമിതി ചേദേവമപ്യവിമോക്ഷപ്രസങ്ഗ:
(തര്‍ക്കാപ്രതിഷ്ഠാനാദ് അപി അന്യഥാ അനുമേയം ഇതിചേത് ഏവം അപി അവിമോക്ഷപ്രസങ്ഗ:)
തര്‍ക്കത്തിന് പ്രതിഷ്ഠയില്ലാത്തതിനാല്‍ മറ്റൊരു തരത്തില്‍ അനുമാനം കൊണ്ട് തീര്‍ച്ചയാക്കാം എന്ന് പറയുകയാണെങ്കില്‍, ഇങ്ങനെയാണെങ്കിലും മോക്ഷം സിദ്ധിക്കുമെന്ന പ്രസക്തിയില്ല.
വാദപ്രതിവാദങ്ങള്‍ എത്ര നടത്തിയാലും അതിന് തീരുമാനം ഉണ്ടാകണമെന്നില്ല. അതിനാല്‍ മറ്റൊരു തരത്തില്‍ അനുമാനം കൊണ്ട് കാര്യം തീരുമാനിക്കണം എന്ന് പൂര്‍വപക്ഷം വാദിക്കുകയാണെങ്കിലും മോക്ഷ അനുഭൂതിയെക്കുറിച്ച് പറയാനാകില്ല എന്നാണ് ഇവിടെ സൂത്രത്തിലൂടെ വ്യക്തമാക്കുന്നത്.
തര്‍ക്കത്തിന് അവസാനമില്ല. ഒരാള്‍ സ്ഥാപിച്ചതിനെ മറ്റൊരാള്‍ ഖണ്ഡിക്കും. ഇതങ്ങനെ തുടര്‍ന്ന് പോയാല്‍ സ്ഥിരവും ഏകവുമായ ബ്രഹ്മത്തെ അറിയാനാകില്ല. അതിനാല്‍ അനുമാനം കൊണ്ട് ബ്രഹ്മത്തെ അറിയണം.
അനുമാനം കൊണ്ട് നോക്കിയാല്‍ പ്രധാനമാണ് ജഗത്കാരണമെന്ന് കരുതേണ്ടി വരും എന്ന് പറയുകയാണെങ്കില്‍ അതും ശരിയല്ല. മോക്ഷത്തിന്റെ പ്രസക്തി എപ്പോഴും ഉണ്ടാകുന്നില്ല എന്നതിനാലാണിത്.
സംസാരത്തില്‍ നിന്ന് മുക്തി കിട്ടണമെങ്കില്‍ അജ്ഞാനം നീങ്ങണം. അജ്ഞാനം നശിക്കാന്‍ പരമാര്‍ത്ഥ സത്യത്തെപ്പറ്റി ജ്ഞാനമുണ്ടാകണം.
ജ്ഞാനം നേടേണ്ടത് വേദവേദാന്ത തത്വങ്ങളുടെ വിചാരം കൊണ്ടാണ് സാധിക്കുക. മറ്റ് പലതിനെക്കുറിച്ച് വിചാരം ചെയ്താലും തെറ്റിദ്ധാരണകള്‍ നീങ്ങില്ല. സത്യസാക്ഷാത്കാരം നേടിയ ഋഷീശ്വരന്‍മാരുടെ ബ്രഹ്മാനുഭവത്തെപ്പറ്റിയുള്ള വാക്കുകളാണ് വേദവാക്യങ്ങള്‍. അത് അവരുടെ അനുഭവവും അനുഭൂതിയുമാണ്. ഇവ സാധകര്‍ക്കെല്ലാം വഴികാട്ടികളാണ്.വേദവാക്യങ്ങളെ നിരസിച്ചുള്ള യുക്തിവിചാരം കൊണ്ടോ അനുമാനം കൊണ്ടോ ആര്‍ക്കും ജ്ഞാനം ഉണ്ടാകില്ല. സാംഖ്യന്‍മാരുടെ പ്രധാനം വേദം പറഞ്ഞിട്ടുള്ള തത്വമല്ല. അതിനാല്‍ പ്രധാനത്തെപ്പറ്റി എത്ര വിചാരം ചെയ്താലും അറിവ് നേടിയാലും മുക്തിയുണ്ടാകില്ല. അതിനാല്‍ സാംഖ്യന്‍മാര്‍ക്ക് മോക്ഷ അനുഭൂതിയില്ല എന്ന് പറയേണ്ടി വരും. അതിനാല്‍ ജഗത് കാരണം പ്രധാനമെന്ന് അനുമാനിക്കാനുമാകില്ല.
യഥാര്‍ഥമായ അറിവ് നേടലാണ് വേണ്ടത്. അതിനെ സമ്യഗ്ജ്ഞാനം എന്ന് പറയും. ഇത് വേദത്തെ ആധാരമാക്കിയുള്ളതാണ്. വേദം നിത്യമായതും നിര്‍ദോഷവുമാണ്. എങ്ങനെ തര്‍ക്കിച്ചാലും അതിനെ നിഷേധിക്കാനാവില്ല. മറ്റൊന്നായി പറയാനുമാകില്ല. അത് സത്യത്തില്‍ അധിഷ്ഠിതമാണ്. അജ്ഞാനം ഇല്ലാതാകാനും മോക്ഷത്തെ നേടാനും വേദ വേദാന്ത ജ്ഞാനം കൊണ്ട് മാത്രമേ കഴിയൂ. അതിനാല്‍ ജഗത്തിന്റെ കാരണത്തെപ്പറ്റി വേദം പറയുന്നതിനെ മാത്രമേ എടുക്കാനാവൂ. മറ്റൊന്നിനും പ്രസക്തിയില്ല.ഈ സൂത്രമുള്‍പ്പടെ എട്ട് സൂത്രങ്ങളെ കൊണ്ട് ന വിലക്ഷണത്വാധികരണത്തില്‍ ന്യായശാസ്ത്രമനുസരിച്ചുള്ള വാദങ്ങളെ കാണിച്ച് അവയെ നിഷേധിച്ചു. ഏത് നിലയ്‌ക്ക് നോക്കിയാലും പ്രധാനം എന്നത് ജഗത്തിന് കാരണമാകില്ല. ജഗത്കാരണം ബ്രഹ്മം തന്നെയാണ് എന്ന് ഒരോ സൂത്രങ്ങളിലൂടെയും ഉറപ്പിച്ചു തന്നു.
വേദാനുസാരിയായി ചിന്തിച്ച് സത്യജ്ഞാനത്തെ അനുഭവമാക്കണം. അപ്പോള്‍ ബ്രഹ്മം തന്നെയാണ് ജഗത്കാരണവും എല്ലാറ്റിനും പരമകാരണവുമായിരിക്കുന്നത് എന്നുറയ്‌ക്കും.
















