ന്യൂദല്‍ഹി: തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന ചരിത്രപരമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇഎസ്‌ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) വിഹിതത്തില്‍ വന്‍ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. തൊഴിലാളികളുടെ വിഹിതം, 1.75% ല്‍ നിന്ന് 0.75% ആയാണു കുറച്ചിരിക്കുന്നത്.
തൊഴിലുടമ 4.75% വിഹിതത്തിനു പകരം 3.25% നല്‍കിയാല്‍ മതി. ശേഷിക്കുന്ന തുക ഇഎസ്‌ഐ കോര്‍പറേഷന്‍ വഹിക്കും. ആനുകൂല്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ജൂലൈ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ നല്‍കിയാല്‍ മതിയാകും.
രാജ്യത്തെ 3.6 കോടി തൊഴിലാളികള്‍ക്കും 12.8 ലക്ഷം തൊഴിലുടമകള്‍ക്കും ഇതിന്റെ നേട്ടമുണ്ടാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലുടമകള്‍ക്ക് നിലവില്‍ നല്‍കുന്ന വിഹിതത്തില്‍ 40 ശതമാനത്തോളം (ഏകദേശം 5000 കോടി രൂപ ) കുറവു വരും. ഇഎസ്‌ഐ വിഹിതം കുറക്കുന്നതിലൂടെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ നേട്ടമാണ് ഉണ്ടാകുക. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്ത് ബിസിനസ് നടത്താനുള്ള സാഹചര്യം എളുപ്പമാകുന്നതിനും ഇത് കാരണമാകും.
ചികിത്സ, പ്രസവം, അംഗവൈകല്യം എന്നിവ ഇഎസ്‌ഐ പരിരക്ഷയില്‍ ഉള്‍പ്പെടുന്നു. ഇഎസ്‌ഐ നിയമപ്രകാരം തൊഴിലാളിയും തൊഴിലുടമയും അവരുടെ വിഹിതം അടക്കണം. കേന്ദ്ര സര്‍ക്കാറാണ് നിരക്ക് നിശ്ചയിക്കുക. തൊഴിലാളികളെ ഇഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇന്‍ഷുറന്‍സ് തൊഴിലാളികളുടെ എണ്ണം 2015-16 ല്‍ 2.1 കോടിയായി വര്‍ദ്ധിച്ചു. 2018-19 കാലഘട്ടത്തില്‍ ഇത് 3.6 കോടിയായി ഉയര്‍ന്നു.
















