തിരുവനന്തപുരം: എരിയും പുളിയും മധുരവും നുരപൊന്തുന്ന പാനീയം ഒറ്റവലിക്ക് അകത്താക്കിയിട്ട് നീട്ടിയൊരു ഏമ്പക്കം വിടുന്നവര്‍ അറിയുന്നില്ല തങ്ങള്‍ വലിയ ഉദരരോഗത്തിനെയാണ് വിളിച്ചുവരുത്തുന്നതെന്ന്. ഇപ്പോള്‍ പാതയോരത്തെ കടകളില്‍ വലിയ തിരക്കാണ് സോഡ കുടിക്കാന്‍. വെറുംസോഡയല്ല ഫുള്‍ജാര്‍ സോഡ. നഗരത്തിലെ കടകളില്‍ മാത്രമല്ല ഗ്രാമങ്ങളിലും ഫുള്‍ജാര്‍ സോഡ വിപണി കീഴടക്കുകയാണ്.
ഇഞ്ചി ചതച്ചത്, കാന്താരിമുളക്, പുതിനയില, കസ്‌കസ്, ഉപ്പ്, പഞ്ചസാര, നാരങ്ങാനീര് പിന്നെ ഇഷ്ടപ്പെട്ട പഴച്ചാറും ചേര്‍ത്ത് ചെറുഗ്ലാസില്‍ തയാറാക്കിയ കൂട്ട് ചെറിയ ഗ്ലാസിനോടൊപ്പം തണുത്ത സോഡ നിറച്ച മറ്റൊരു വലിയ ഗ്ലാസിനുള്ളില്‍ ഇട്ട് കൊടുക്കുന്നു. സോഡയ്‌ക്കുള്ളില്‍ വീഴുന്ന ചെറിയഗ്ലാസിലെ കൂട്ട് നുരപൊന്തി പുറത്ത് വരുന്നതനുസരിച്ച് ഇടവിടാതെ കുടിച്ചുകൊണ്ടിരിക്കും. വയറുനിറഞ്ഞ് വലിയൊരു ഏമ്പക്കം വിടുമ്പോഴേക്കും ആഹാ!! എന്തൊരു സുഖം.
ചെറുപ്പക്കാരായവര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ഈ ഫുള്‍ജാര്‍ സോഡയുടെ പുറകെയാണ്. പാവം നമ്മുടെ സാദാ നാരങ്ങാ വെള്ളം, ഇപ്പോള്‍ ആരും അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. അതൊക്കെ ആര്‍ക്ക് വേണം. അതെല്ലാം ഔട്ട് ഓഫ് ഫാഷനായി. പിന്നെ സോഡാ നാരങ്ങ വന്നു. അതിനെ തള്ളിമാറ്റിയാണ് കുലുക്കി സര്‍ബത്ത് വന്നത്. വിപണിയില്‍ കച്ചവടക്കാര്‍ക്ക് വലിയ ലാഭങ്ങളുണ്ടാക്കിക്കൊടുത്ത് നിറഞ്ഞ് നിന്നപ്പോഴാണ് കുലുക്കി സര്‍ബത്തിനെ കുലുക്കിത്താഴെയിട്ട് ഫുള്‍ജാര്‍ സോഡ രംഗം കൈയടക്കിയത്. ഇത് എത്രനാള്‍ ഉണ്ടാകുമെന്നറിയില്ല. എങ്കിലും ഇപ്പോള്‍ കച്ചവടക്കാര്‍ക്ക് വലിയ കൊയ്‌ത്താണ് ഫുള്‍ജാര്‍ സോഡ നല്‍കുന്നത്.
പല ജ്യൂസ് കടകളിലും ഫുള്‍ജാര്‍ സോഡ പ്രധാന ഇനമായി സ്ഥാനം പിടിച്ചിട്ടുണ്ട്. രാവിലെ പത്തുമുതല്‍ കടകളില്‍ വന്‍തിരക്കാണ്. ദിവസവും ആയിരത്തിലധികം ഫുള്‍ജാര്‍ സോഡകള്‍ വില്‍ക്കുന്ന കടകള്‍ തലസ്ഥാന നഗരിയില്‍ത്തന്നെയുണ്ട്. ആരോഗ്യത്തെ ബാധിക്കുന്നതാണെന്ന് അറിയാമെങ്കിലും അതൊന്നും കാര്യമാക്കാതെ പുത്തന്‍ പരീക്ഷണങ്ങളുടെ പുറകെയോടുന്ന മലയാളിയുടെ ശീലം ഇനിയും മാറിയിട്ടില്ല. പൊതുവെ സോഡ ശരീരത്തിന് നല്ലതല്ല, അതിന്റെ കൂടെ എരിവ് കൂടുതലുള്ള കാന്താരി മുളകും ഇഞ്ചിയും നാരങ്ങയും ചേരുമ്പോള്‍ വയറിന് താങ്ങാവുന്നതിലും അപ്പുറമാണ്.
ശരീരത്തിന് ആവശ്യമില്ലാത്ത കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലിയ സമ്മര്‍ദത്തില്‍ വെള്ളത്തില്‍ നിറച്ച സോഡ ശരീരത്തിന് ഹാനികരമാണ്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം പല്ലുകള്‍ക്ക് ദോഷകരമാണ്. കാന്താരി, ഇഞ്ചി, നാരങ്ങ എന്നിവയുടെ അമിത ഉപയോഗം അസിഡിറ്റിയുണ്ടാക്കും. അസിഡിറ്റിയുള്ളവരാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ക്ക് അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
അതായത് ദഹനത്തിനും ഗ്യാസ് മാറാനും എന്ന് പറഞ്ഞ് ഉപയോഗിക്കുന്ന സോഡ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഇതിന്റെ അമിത ഉപഭോഗം ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതിലുപരി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവയുടെ നിര്‍മാണമെങ്കില്‍ അത് മറ്റ് പല രോഗങ്ങള്‍ക്കും വഴിവെയ്‌ക്കും. അതിനാല്‍ ജോറാകാന്‍ ഫുള്‍ജാര്‍ തേടി പോകുമ്പോള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ഒരു കരുതല്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: