പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടത്തിനായുള്ള ഓസ്‌ട്രേലിയയുടെ 46 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം. വനിതാ സിംഗിള്‍സ് കിരീടം നേടി ആഷ്‌ലി ബാര്‍ട്ടിയാണ് ഓസീസിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.
ഒാസ്‌ട്രേലിയയുടെ എട്ടാം സീഡായ ആഷ്‌ലി ബാര്‍ട്ടി ഫൈനലില്‍ ചെക്കിന്റെ കൗമാരതാരം മാര്‍ക്കറ്റ വോണ്‍ഡ്രൗസോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. എഴുപത് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 6-1, 6-3 എന്ന സ്‌കോറിനാണ് ബാര്‍ട്ടി വിജയിച്ചത്.
1973 ല്‍ മാര്‍ഗററ്റ് കോര്‍ട്ട് ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടിയശേഷം ഇതാദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ താരം റോളാങ് ഗാരോസില്‍ കിരീടം സ്വന്തമാക്കുന്നത്. ഈ കിരീട വിജയത്തോടെ ആഷ്‌ലി ബാര്‍ട്ടിയുടെ റാങ്ക് ഉയരും. അടുത്തയാഴ്ച പുറത്തിറങ്ങുന്ന റാങ്കിങ്ങില്‍ ആഷ്‌ലിക്ക് രണ്ടാം സ്ഥാനം ലഭിക്കും. ജപ്പാന്റെ നവോമി ഒസാക്കയ്‌ക്കാണ് ഒന്നാം റാങ്ക്.
















