ന്യൂദൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസ് നവ മാദ്ധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയും പാർട്ടി വിടുന്നു. ഇതിന് മുന്നോടിയായി തന്റെ ട്വിറ്റർ പേജിൽ നിന്ന് ട്വീറ്റുകൾ മുഴുവൻ ദിവ്യ നീക്കം ചെയ്തു. നിലവിൽ ദിവ്യയുടെ ട്വിറ്റർ പേജിൽ ഒരു ട്വീറ്റ് പോലും ലഭ്യമല്ല. ദിവ്യയുടെ പ്രൊഫൈൽ ബയോ വിവരങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
ദിവ്യയുടെ ട്വിറ്റർ പേജ് തിരയുമ്പോൾ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ വൈകുന്നുണ്ട് . ഇതാണ് ദിവ്യ പാർട്ടി വിടുന്നു എന്ന സൂചന നൽകുന്നത്. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ മഹാരാഷ്‌ട്രയിലെ വാർധയിൽ വച്ച് നടന്ന പാർട്ടി നേതൃത്വ യോഗത്തിൽ ദിവ്യ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതിന് ദിവ്യയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ദിവ്യ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അസംതൃപ്തനായിരുന്നുവെന്ന് കോൺഗ്രസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് സെപ്റ്റംബര്‍ 29 ന് ശേഷം ദിവ്യയുടേതായ പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ പങ്കുവച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പദവി രാജിവെച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
തന്റെ പദവി കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുടെ മകൻ നിഖിൽ ആൽവയ്‌ക്ക് നൽകുന്നതിലും ദിവ്യ അസ്വസ്ഥതയാണെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിഖിൽ ആൽവയാണ്.
















