കാര്‍ഡിഫ്: ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. കാര്‍ഡിഫില്‍ വൈകിട്ട് മൂന്നിന് കളി തുടങ്ങും. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന മത്സരം കൂടിയാണിത്. ആദ്യ സന്നാഹം തോറ്റ ഇന്ത്യക്ക് ഇന്ന് ഫോം തെളിയിക്കേണ്ടതുണ്ട്.
താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെ അടിച്ചിട്ട് ലോകകപ്പില്‍ ആത്മവിശ്വാസത്തോടെ എത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്നും തോറ്റാല്‍ കാര്യങ്ങള്‍ മാറിമറിയും. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നടന്ന ഏകദിന പരമ്പര വെള്ളത്തിലാക്കിയതിന്റെ ക്ഷീണം ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ സന്നാഹ മത്സരം ഉള്‍പ്പെടെ അവസാനം കളിച്ച അഞ്ച് ഏകദിന മത്സരങ്ങളില്‍ നാലിലും ഇന്ത്യ പൊട്ടി.
മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ തകര്‍ച്ചയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിനയായത്. മുന്‍നിര ഫോം വീണ്ടെടുത്താലേ വിജയിക്കാനാകൂ. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നിവര്‍ കരുത്തുകാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ മുന്നേറ്റത്തില്‍ മൂവരുടെയും പങ്ക് വലുതായിരിക്കും. ആദ്യ സന്നാഹത്തില്‍ രണ്ട് റണ്‍സ് വീതമാണ് ഓപ്പണര്‍മാരായ രോഹിത്തിന്റെയും ധവാന്റെയും സമ്പാദ്യം. നായകന്‍ കോഹ്‌ലി പതിനെട്ട് റണ്‍സിനും പുറത്തായി.
നാലാം നമ്പറിലെ പരീക്ഷണം ബംഗ്ലാദേശിനെതിരായ മത്സരത്തിലും തുടര്‍ന്നേക്കും. എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ സഖ്യത്തിന്റെ ഫിനീഷിങ് പാടവം തേച്ചുമിനുക്കാനുള്ള വേദികൂടിയാകും ഇന്നത്തെ മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നടത്തിയ ചെറുത്തുനില്‍പ്പ് ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ശക്തികൂട്ടും.
മികച്ച പേസ്‌നിരയെന്ന പകിട്ട് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് ഭാരമായി മാറിയിരുന്നു. ജസ്പ്രീത് ബുംറയൊഴികെയുള്ള ബൗളര്‍മാര്‍ തലങ്ങും വിലങ്ങും അടിവാങ്ങി. കാര്‍ഡിഫിലെ അതിവേഗ പിച്ചില്‍ ബുംറക്കൊപ്പം ഭുവിയും ഷമിയുമൊക്കെ മിന്നിതിളങ്ങുമെന്ന് പ്രതീക്ഷിക്കാം.
ഇന്ന്് ബ്രിസ്‌റ്റോളില്‍ നടക്കുന്ന മറ്റൊരു സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.
















