ന്യൂദല്‍ഹി: കപില്‍ ദേവിന്റെ നേതൃത്വത്തില്‍ 1983 ലോകകപ്പില്‍ തങ്ങള്‍ കിരീടം മോഹിച്ചല്ല ഇംഗ്ലണ്ടിലെത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്. കിരീടമെന്ന വലിയ ലക്ഷ്യം ഇന്ത്യക്കു മുന്നിലില്ലായിരുന്നു. 1975, 1979 ലോകകപ്പുകളില്‍ ഈസ്റ്റ് ആഫ്രിക്കയോട് മാത്രമാണ് വിജയിക്കാനായത്. ടെസ്റ്റ് ടീം പദവിയില്ലാത്ത ശ്രീലങ്കയോട് പോലും തോറ്റു. കപില്‍ ദേവെന്ന നായകന്റെ സാന്നിധ്യമാണ് 1983ല്‍ ഇന്ത്യക്ക് കരുത്തായതെന്നും ശ്രീകാന്ത് പറഞ്ഞു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍തന്നെ കരുത്തരായ വിന്‍ഡീസിനെ കീഴടക്കാനായി. സിംബാവെക്കെതിരെ കപിലിന്റെ ബാറ്റിങ്, തന്നെയടക്കം ടീമിലെ എല്ലാവരെയും അമ്പരപ്പിച്ചു. മത്സരത്തില്‍ കപില്‍ നേടിയ 175 റണ്‍സ് വലിയ ഊര്‍ജമായി മാറി. ഇംഗ്ലണ്ടിനെതിരായ സെമിയും അപ്രതീക്ഷിതമായിരുന്നു. മോഹീന്ദര്‍ അമര്‍നാഥിന്റെ ബൗളിങ്ങില്‍ ഇംഗ്ലണ്ടിനെയും വീഴ്‌ത്തി ഫൈനലിലെത്തി.
ഗ്രൂപ്പ് ഘട്ടത്തില്‍ വിന്‍ഡീസിനെ കീഴടക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഫൈനലിനെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സിന് പുറത്തായതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ വിന്‍ഡീസിനുമുന്നില്‍ 183 വലിയ ലക്ഷ്യമാക്കണമെന്നായിരുന്നു കപിലിന്റെ നിര്‍ദേശം. ഒടുവില്‍ കിരീടമെന്ന സ്വപ്‌ന തുല്യമായ നേട്ടവും 183 റണ്‍സിനുള്ളില്‍ സ്വന്തമായി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടത്തിലേക്കുള്ള തുടക്കമായിരുന്നു 1983 ലോകകപ്പെന്നും ശ്രീകാന്ത് പറഞ്ഞു.
















