ബര്‍ലിന്‍: ബുണ്ടസ്‌ലിഗ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന് പത്തൊമ്പതാം ജര്‍മന്‍ കപ്പ് കിരീടം. ആര്‍ബി ലെപ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. സൂപ്പര്‍ താരം റോബര്‍ട്ടൊ ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോള്‍ മികവിലാണ് ബയേണ്‍ കിരീട ജയം ആഘോഷമാക്കിയത്.
ബുണ്ടസ്‌ലിഗയില്‍ ടോപ് സ്‌കോററായ ലെവന്‍ഡോസ്‌കി ആദ്യപകുതിയില്‍ തന്നെ ബയേണിനെ മുന്നിലെത്തിച്ചു. 29-ാം മിനിറ്റിലായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് നേടിയ ബയേണ്‍ രണ്ടാം പകുതിയില്‍ 78-ാം മിനിറ്റില്‍ കിങ്‌സ്‌ലി കോമനിലൂടെ ലീഡ് ഉയര്‍ത്തി. കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ലെവന്‍ഡോസ്‌കി വീണ്ടും വല കുലുക്കിയതോടെ ബയേണ്‍ ജയമുറപ്പിച്ചു.
പന്ത്രണ്ടാം തവണയാണ് ബയേണ്‍ പരിശീലകന്‍ നിക്കോ കൊവാക്കിന്റെ കീഴില്‍ ബുണ്ടസ്‌ലിഗയും ജര്‍മന്‍ കപ്പും ഒന്നിച്ച് നേടുന്നത്.
















