സെവിയ: ചാമ്പ്യന്‍സ് ലീഗിനു പിന്നാലെ കോപ്പ ഡെല്‍ റെയിലും സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി. തുടര്‍ച്ചയായ അഞ്ചാം കോപ്പ ഡെല്‍ റെ കിരീടം തേടിയെത്തിയ ബാഴ്‌സ ഫൈനലില്‍ വലന്‍സിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റു.
ചാമ്പ്യന്‍സ് ലീഗിലേറ്റ തോല്‍വിയുടെ ഭാരം തുടച്ചു നീക്കാനിറങ്ങിയ ബാഴ്‌സയ്‌ക്ക് ആദ്യ പകുതിയില്‍തന്നെ പ്രഹരമേറ്റു. ആക്രമിച്ചു കളിച്ച വലന്‍സിയ 21, 33 മിനിറ്റുകളില്‍ ബാഴ്‌സയുടെ വലകുലുക്കി. സൂപ്പര്‍ താരം ലയണല്‍ മെസിയടക്കമുള്ളവര്‍ക്ക് അടിതെറ്റിയതോടെ ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ വലന്‍സിയ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നില്‍. ഫ്രഞ്ച് മുന്നേറ്റ താരം കെവിന്‍ ഗെമീറോ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. പന്ത്രണ്ട് മിനിറ്റിനു ശേഷം സ്‌പെയിന്‍ താരം റോഡ്രിഗോ മൊറീനോയും വലകുലുക്കിയതോടെ ബാഴ്‌സ പരാജയം മണത്തു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണം നടത്തിയെങ്കിലും കറ്റാലന്മാര്‍ക്ക് ഗോള്‍ കണ്ടെത്താനായില്ല. ആദ്യ പകുതിയില്‍ ലീഡ് നേടിയ വലന്‍സിയ രണ്ടാം പകുതിയില്‍ കനത്ത പ്രതിരോധം തീര്‍ത്തു. 73-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെ നല്‍കിയ ഹെഡര്‍ ഗോളാക്കി മെസി പ്രതീക്ഷ നല്‍കിയെങ്കിലും സമനിലക്കുള്ള രണ്ടാം ഗോള്‍ അകന്നുനിന്നു. മത്സരത്തിലാകെ ഗോള്‍ ലക്ഷ്യമാത്തി ബാഴ്‌സ പായിച്ചത് 26 ഷോട്ടുകള്‍.
















