പാലക്കാട്: ഉറച്ച സീറ്റെന്ന് കരുതിയ പാലക്കാട് കൈവിട്ടത്തിന്റെ ആഘാതത്തിലാണ് സ്ഥാനാര്‍ത്ഥി എം.ബി. രാജേഷും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും. പാലക്കാട് തുടര്‍ച്ചയായി ഏഴാം തവണ ചെങ്കൊടി പാറുമെന്ന കണക്കുകൂട്ടല്‍ തകര്‍ത്തത് പാര്‍ട്ടിയിലെ വൈരവും രാജേഷിന്റെ ഞാനെന്ന ഭാവവും.
ചുരുങ്ങിയ വോട്ടിന് ജയിക്കുമെന്ന പ്രതീക്ഷയാണ് പാര്ട്ടിക്കാര് തന്നെ തല്ലിക്കെടുത്തിയത്. തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചനയുണ്ടായെന്ന് ആരോപിച്ച് രാജേഷ് പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി. വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്നും ഒരു സ്വാശ്രയ കോളേജ് മുതലാളിയുടെ ഇടപെടല്‍ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നും രാജേഷ് ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രാജേഷ്, ഇത്തവണ 11,637 വോട്ടുകള്‍ക്ക് തോറ്റു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോങ്ങാട് പോലും വന്‍തോതില്‍ വോട്ട് ചോര്‍ന്നു.
പി.കെ. ശശി എംഎല്‍എയും രാജേഷും തമ്മിലുള്ള പോര് പാലക്കാട് സിപിഎമ്മിനെ ഉലച്ചിരുന്നു. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നില്‍ രാജേഷും സംഘവുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ശശിക്കെതിരെ പരാതി നല്കാന് എല്ലാ പിന്തുണയും നല്‍കിയത് രാജേഷും ഭാര്യാ സഹോദരനും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് നിധിന് കണിച്ചേരിയുമായിരുന്നു. ഈ വൈരാഗ്യം ശശി അനുകൂലികള്‍ വോട്ടിങ്ങില്‍ തീര്‍ത്തു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ശശിയും ഒരു സ്വാശ്രയ കോളേജ് മുതലാളിയും തമ്മിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ജിഷ്ണു പ്രണോയിയോടുള്ള വഞ്ചനയെന്നാരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ഇരുവരും തമ്മിലുള്ള വൈരാഗ്യം വര്‍ധിപ്പിച്ചു. ശശിയുടെ തട്ടകമായ മണ്ണാര്‍ക്കാട്ട് വോട്ടുചോര്‍ന്നെന്ന് ആരോപിച്ച് തോല്‍വി ഉറപ്പിച്ചപ്പോള്‍ തന്നെ രാജേഷ് രംഗത്തെത്തിയത് ഈ വൈരത്തിന്റെ ആഴം വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ പലയിടത്തുമുള്ള സിപിഎം-സിപിഐ പോരും ഇടതിന്റെ വോട്ട് നഷ്ടപ്പെടുത്തി. പലയിടത്തും സിപിഐക്കാര്‍ വോട്ട് മറിച്ചു. മുന്‍ എംപി എന്‍. കൃഷ്ണദാസിന്റെ പദ്ധതികളെ രാജേഷും, രാജേഷിന്റെ പദ്ധതികളെ കൃഷ്ണദാസും വിമര്‍ശിച്ചിരുന്നു. വി.എസ് പക്ഷ നേതാവായിരുന്ന കൃഷ്ണദാസിന്റെ ഇടപെടലും തോല്‍വിക്കു കാരണമായെന്ന് വിലയിരുത്തുന്നവരും പാര്‍ട്ടിയിലുണ്ട്.
മണ്ഡലത്തിനായി കാര്യമായൊന്നും നേടിയെടുക്കാന്‍ രാജേഷിന് കഴിഞ്ഞില്ലെന്ന് പാര്ട്ടിക്കാര് തന്നെ കുറ്റപ്പെടുത്തുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് താത്വകമായി അവലോകനം നടത്തി, ആവിഷ്കാര സ്വതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുക മാത്രമാണ് രാജേഷിന്റെ പണിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. സ്വന്തം കാര്യം വന്നപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യമെല്ലാം മടിയില്‍ തിരുകിയെന്നും ഇവര്‍ ആരോപിക്കുന്നു. തെറ്റ് ചൂണ്ടിക്കാട്ടുന്ന പാര്‍ട്ടിക്കാരെ ഗൗനിക്കാതെ അവരെ പുച്ഛിക്കുന്ന സമീപനമാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. ജനകീയ നേതാവെന്ന് വാദിക്കുമ്പോഴും ഞാനെന്ന ഭാവം ഒരു വിഭാഗം പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സത്രീ പ്രവേശനത്തിലുള്‍പ്പെടെ സ്വീകരിച്ച നിലപാടുകളും രാജേഷിനെ തിരിഞ്ഞുകൊത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: