മുഹമ്മ(ആലപ്പുഴ): മണ്‍മറഞ്ഞു പോയ ആചാരങ്ങളുടെ പുനര്‍ജനിയായി കാടനൂട്ട്. പശുക്കിടാവിന്റെ അരിഷ്ടതകള്‍ മാറാനും ദീര്‍ഘായുസ് ലഭിക്കാനും പൂര്‍വികര്‍ അനുഷ്ഠിച്ചു പോരുന്ന കാടനൂട്ട് ചടങ്ങ് തണ്ണീര്‍മുക്കം എട്ടാം വാര്‍ഡില്‍ കാവളിശേരില്‍ ശ്രീധരന്റെ വീട്ടുമുറ്റത്ത് നടന്നപ്പോള്‍ അത് പുതുതലമുറക്ക് പുതിയ ഒരു അനുഭവമായി. പശുക്കളെ വീടിന്റെ ഐശ്വര്യ ലക്ഷ്മിയായി സങ്കല്‍പ്പിക്കുന്ന പുരാതന ഹൈന്ദവ വീടുകളില്‍ ഇന്നും അപൂര്‍വമായി നടന്നുവരുന്ന ചടങ്ങാണ് കാടനൂട്ട്.
കഴിഞ്ഞ ദിവസം ത്രിസന്ധ്യാനേരത്ത് ശ്രീധരന്റെ വീട്ടുമുറ്റം ഇത്തരമൊരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. പച്ചോല മെടഞ്ഞുണ്ടാക്കിയ കിടുകിന് മുകളില്‍ തൂശനിലയിട്ട് നിലവിളക്കും കോല്‍ത്തിരിയും കത്തിച്ചുവച്ചശേഷം തൂശനിലയുടെ മധ്യഭാഗത്ത് കിടാവിനു നല്‍കാനുള്ള ചോറും തൈരും കുഴച്ച മിശ്രിതവും വച്ചിരുന്നു. ഇതിനുചുറ്റും ഞര്‍ക്കില യില്‍ കൈത്തിരികളും കത്തിച്ചുവച്ചശേഷമാണ് കാടനൂട്ടിന് തുടക്കം കുറിച്ചത്. ശ്രീധരന്റെ പേരക്കുട്ടി അനുപമ ശ്രീപാര്‍വതിയെന്ന് പേരിട്ട തള്ളപ്പശുവിനെയും ശ്രീമഹാദേവനെന്ന് പേരിട്ട കിടാവിനെയും വീട്ടുമുറ്റത്ത് കൊണ്ടുവന്നു. മകള്‍ ശ്രീദേവിയും മരുമകന്‍ സുരേഷും ശ്രീമഹാദേവന്റെ കാടനൂട്ടിന് സഹായികളായി സമീപത്തുണ്ടായിരുന്നു.
തൈരില്‍ കുഴച്ച ചോറ് ശ്രീധരന്‍ കിടാവിന്റെ വായില്‍ വച്ചു കൊടുത്തശേഷം തുണികൊണ്ടുണ്ടാക്കിയ കയര്‍ കഴുത്തിലണിയിച്ചതോടെ കാടനൂട്ട് ചടങ്ങ് സമാപിച്ചു. പശു പ്രസവിച്ച ശേഷം മൂന്നാം ദിവസം മുതല്‍ എടുക്കുന്ന പാലാണ് തൈര് ഉണ്ടാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. കാടനൂട്ട് ദിവസം മിച്ചം വരുന്ന തൈര് അയല്‍ വീടുകളില്‍ കൊടുക്കുന്നതും ചടങ്ങിന്റെ ഭാഗമാണ്.
















