ന്യൂദല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റര്‍ നോയിഡയിലെ വീട്ടില്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട. മയക്കുമരുന്നുകള്‍ നിറച്ച നിരവധി പെട്ടികള്‍ കണ്ടെത്തി. 1818 കിലോഗ്രം സ്യൂഡോഫെഡ്രിന്‍, 1.9 കിലോ കൊക്കൈന്‍ എന്നീ ലഹരി വസ്തുക്കളാണ് ലഹരി വിരുദ്ധ വിഭാഗം ഇവിടെ നിന്ന് പിടിച്ചെടുത്തത്. ഇവിടെ നിന്ന് രണ്ട് നൈജീരിയന്‍ വംശജരെയും ഒരു ദക്ഷിണാഫ്രിക്കക്കാരനെയും അറസ്റ്റ് ചെയ്തു.
ഗ്രേറ്റര്‍ നോയിഡയിലെ ഈ വീട് മൂന്ന് വര്‍ഷമായി ലഹരിവസ്തുക്കളുടെ നിര്‍മാണകേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇവിടെ നടന്നതെന്നും ലോകത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയധികം സ്യൂഡോഫെഡ്രിന്‍ പിടിച്ചെടുക്കുന്നതെന്നും ഇവയ്‌ക്ക് 1000 കോടിയിലധികം രൂപ വില വരുമെന്നും ലഹരി വിരുദ്ധ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ച് 24.7 കിലോ സ്യൂഡോഫെഡ്രിനുമായി യുവതി പിടിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
വീടിന്റെ ഉടമയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര പി.എന്‍. പാണ്ഡെ ഉത്തര്‍പ്രദേശില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ഇയാള്‍ ഈ വീട് വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് യാതൊരറിവുമില്ലെന്നും കുറ്റവാളികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















