അഹമ്മദാബാദ്: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പെപ്‌സി കമ്പനി നിരപാധികം പിന്‍വലിച്ചു. പെപ്‌സികോയുടെ ഉത്പന്നമായ ചിപ്‌സ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ചാണ് കര്‍ഷകര്‍ക്കെതിരെ പരിഹാരം ആവശ്യപ്പെട്ട് പെപ്‌സി കേസു നല്‍കിയത്.
പതിനൊന്നു കര്‍ഷകര്‍ പെപ്‌സിക്കെതിരെ നിയമനടപിയുമായി ഉറച്ചു നിന്നു. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കോടതിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതോടെ പെപ്‌സിയുടെ നിലപാടിന് അയവു വന്നു.
തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ചാണ് പെപ്‌സി കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസു പിന്‍വലിക്കാന്‍ പെപ്‌സി ചില വ്യവസ്ഥകള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും പിന്നീട് തില്‍ നിന്നു പിന്മാറി. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷമാണ് ഈ തീരുമാനം എടുത്തത്.
നിയമ നടപടിയുമായി മുന്നോട്ടു പോകാനല്ല, പ്രശ്‌നത്തില്‍ ദീര്‍ഘകാലത്തേക്കുള്ള രമ്യമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും പെപ്‌സിയുടെ വക്താവ് പറഞ്ഞു. പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുമ്പോള്‍ കമ്പനികള്‍ ഇടപെടുന്നത് തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കര്‍ഷകരും ആവശ്യപ്പെട്ടു.
















