ന്യൂദല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പലില്‍ കുടുംബസമേതം ഉല്ലാസയാത്ര നടത്തിയെന്ന മോദിയുടെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.യൂറോപ്യന്‍ പരിചാരികമാരില്‍ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേനയുടെ വിമാനം അയയ്‌ക്കാന്‍ നെഹ്‌റു ഭരണത്തില്‍ ഇരിക്കുമ്പോള്‍ ആവശ്യപ്പെട്ടതാണ് മോദിയുടെ പ്രസ്താവന തന്നെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് സ്വാമി പറഞ്ഞു.
1950ല്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഭാര്യാപിതാവ് ജെ.ഡി. കപാഡിയ ഐസിഎസ് പ്രതിരോധ സെക്രട്ടറി ആയിരുന്ന സമയത്താണ് നെഹ്‌റു യൂറോപ്യന്‍ പരിചാരികമാരില്‍ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേനയുടെ വിമാനം ആവശ്യപ്പെട്ടത്. ഇതിന് നിഷേധിച്ചതിനെ തുടര്‍ന്ന് കപാഡിയ സ്ഥലം മാറ്റത്തിനും വിധേയനായി. പിന്നീട് മാറിവന്ന സെക്രട്ടറി നിര്‍ദ്ദേശം അംഗീകരിച്ചു. അങ്ങനെ പതനം ആരംഭിച്ചു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടില്‍ രാജാവ് ഗാന്ധിയും കുടുംബവും അവധിക്കാലം ആഘോഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രസ്താവന നടത്തിയത്.
സോണിയയുടെ ഇറ്റാലിയന്‍ അച്ഛനമ്മമാരെ ഐഎന്‍എസ് വിരാടില്‍ കയറ്റി ഒരു ആളൊഴിഞ്ഞ ദ്വീപില്‍ എത്തിച്ചെന്നും, അവിടെ പത്തുദിവസമാണ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധവിമാനവാഹിനി നങ്കൂരമിട്ട് രാജീവിന്റെ അമ്മായിയച്ഛനും അമ്മായിയമ്മയ്‌ക്കും ഉല്ലാസയാത്ര ഒരുക്കിയെന്നും മോദി ആരോപിച്ചിരുന്നു.
ഇന്ത്യയുടെ യുദ്ധവിമാനവാഹിനിയില്‍ വിദേശികളെ കയറ്റി രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കിയ പാരമ്പര്യമാണ് ഈ കുടൂംബവാഴ്ചയ്‌ക്കുള്ളത്. ഒരിക്കലും പൊറുക്കാനാവാത്ത രാജ്യദ്രോഹമെന്ന് തന്നെ പറയാവുന്ന പ്രവര്‍ത്തിയാണ് ഇതെന്നും മോദി പറഞ്ഞിരുന്നു.
സംഭവത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ശത്രുക്കള്‍ക്കെതിരെ പോരാടാനുള്ള നമ്മുടെ നാവിക സേനാ വിമാനങ്ങളെ മുമ്പ് അധികാരത്തില്‍ ഇരുന്നവര്‍ അവധിക്കാലം ആഘോഷിക്കാനുള്ള മാര്‍ഗ്ഗമായാണ് ഉപയോഗിച്ചിരുന്നതെന്ന് ജെയ്റ്റ്‌ലി അറിയിച്ചു.
















