ചെന്നൈ : നിയമ വിരുദ്ധമായി തമിഴ്‌നാട്ടില്‍ താമസിരുന്ന ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. ചെന്നൈ പരിവക്കത്തിലെ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന റോഷന്‍ എന്ന് പേരുള്ളയാളാണ് അറസ്റ്റിലായത്. ശ്രീലങ്കന്‍ സ്വദേശി താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎയും ഇന്റലിജെന്‍സ് ബ്യൂറോയുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചെന്നൈ- ബെംഗളൂരു ദേശീയ പാതയ്‌ക്ക് സമീപത്തായാണ് ഇവര്‍ താമസിച്ചിരുന്നത്. ഇയാളുടെ ഒപ്പം മൂന്ന് ആണുങ്ങളും, മൂന്ന് സ്ത്രീകളും, ഒരു കുട്ടിയും താമസിച്ചിരുന്നതായി ഒരു ദേശീ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇവര്‍ക്ക് ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഷിമുമായി ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.
അറസ്റ്റിലായ റോഷനില്‍ നിന്നും ശ്രീലങ്കന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഒഴിച്ച് ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിനും, താമസിക്കുന്നതിനുമുള്ള രേഖകള്‍ ഒന്നും ഇല്ലാതെയാണ് ഇവിടെ താമസിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. റോഷന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ താമസിച്ചു വരികയാണ്.
അതിനിടെ ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ പാലക്കാട് അറസ്റ്റിലായ റിയാസ് അബുബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ ഇതിനോടകം തന്നെ എന്‍ഐഎ പരിശോധന നടത്തി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്‌ക്കല്‍ അടക്കം എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം പരിശോധന നീണ്ടു.
ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്‌ക്ക് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പടെ സ്‌ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്‌ക്ക് വിവരം ലഭിച്ചിരുന്നു. നാല് കോയമ്പത്തൂര്‍ സ്വദേശികളെയും രണ്ട് ധര്‍മ്മപുരി സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇക്കാലയളവില്‍ തമിഴ്‌നാട്ടില്‍ സംശയാസ്പതമായി വന്ന് പോയ ശ്രീലങ്കന്‍ സ്വദേശികളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.
അതേസമയം, കേരളത്തില്‍ പുതുവത്സര രാവില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്കര്‍ എന്‍ഐഎക്ക് മൊഴി നല്‍കിയിട്ടുണ്ട്. സ്‌ഫോടന സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ റിയാസിനോട് ഐഎസില്‍ ചേര്‍ന്നവര്‍ നിര്‍ദേശിച്ചിരുന്നു എന്നാണ് വിവരം. വിദേശികള്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഒപ്പമുള്ളവര്‍ ഇതിനെ പിന്തുണച്ചില്ലെന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്.
















