ന്യൂദല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്ന സംഭവം വാസ്തവ വിരുദ്ധമെന്ന് ഭാര്യ നീതി ദേബ്. താന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അസംബന്ധവും അപവാദ പ്രചാരണവുമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നീതി ഇക്കാര്യം വെളിപ്പെടുത്തിയത്.
വിലകുറഞ്ഞ രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി വൃത്തികെട്ടതും നിന്ദ്യവും രോഗം ബാധിച്ചതുമായ മനസ്സുകള്‍ പടച്ച് വിടുന്ന അപവാദങ്ങളാണിതെന്നും അവര്‍ അറിയിച്ചു. ജനസ്വാധീനമുള്ളവര്‍ക്കെതിരെ രാഷ്‌ട്രീയ നേട്ടത്തിനായി പണം നല്‍കിയാണ് ഇത്തരം അപവാദ പ്രചാരണം നടത്തുന്നതെന്നും നീതി കൂട്ടിച്ചേര്‍ത്തു.
ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയെന്നും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അതിനിടെ ഫേയ്സ്ബുക്കിലൂടെ ബിപ്ലബ് ദേബിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് അനുപം പോള്‍ എന്നയാള്‍ക്കെതിരെ ത്രിപുര പോലീസ് കേസെടുത്തിട്ടുണ്ട്.
ത്രിപുര സ്റ്റേറ്റ് ബാങ്ക് മാനേജറാണ് നീതി. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്. ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
















