കാബൂള്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തിനുശേഷം 31കാരനായ പേസ് ബൗളര്‍ ഹമീദ് ഹസ്സനെ ടീമിലേക്ക് തിരിച്ചുവിളിച്ചത് മാത്രമാണ് ടീം പ്രഖ്യാപനത്തില്‍ ശ്രദ്ധേയം. 2016 ജൂലൈയിലാണ് 31കാരനായ ഹസന്‍ അവസാനമായി അഫ്ഗാന്‍ ജേഴ്‌സിയില്‍ ഏകദിനം കളിച്ചത്. 15 അംഗ ടീമിനെ ഗുല്‍ബാദില്‍ നൈബ് നയിക്കും.
ഈ മാസമാദ്യമാണ് ക്യാപ്റ്റനായിരുന്ന അസ്ഗര്‍ അഫ്ഗാനെ നായകസ്ഥാനത്തു നിന്ന് മാറ്റി ഗുല്‍ബാദിന്‍ നൈബിനെ അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. സൂപ്പര്‍ താരം റഷീദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
മെയ് 30ന് ലണ്ടനില്‍ തുടങ്ങുന്ന ലോകകപ്പില്‍ ജൂണ്‍ ഒന്നിന് ഓസ്‌ട്രേലിയക്കെതിരെയാണ് അഫ്ഗാന്‍ ആദ്യ കളിക്കിറങ്ങുക. ജൂണ്‍ 4ന് ശ്രീലങ്കക്കെതിരെയും എട്ടിന് ന്യൂസിലാന്‍ഡിനെതിരെയും 15ന് ദക്ഷിണാഫ്രിക്ക, 18ന് ഇംഗ്ലണ്ട്, 22ന് ഇന്ത്യ, 24ന് ബംഗ്ലാദേശ്, 29ന് പാക്കിസ്ഥാന്‍, ജൂലൈ 4ന് വിന്‍ഡീസ് ടീമുകള്‍ക്കെതിരെയും അഫ്ഗാനിസ്ഥാന്‍ കളിക്കും.
അഫ്ഗാന്‍ ടീം: ഗുല്‍ബാദിന്‍ നൈബ് (ക്യാപ്റ്റന്‍), മൊഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), നൂര്‍ അലി സര്‍ദ്രാന്‍, ഹസ്രത്തുള്ള സാസെ, റഹ്മത്ത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സര്‍ദ്രാന്‍, സമീയുള്ള ഷെന്‍വാരി, മൊഹമ്മദ് നബി, റഷീദ് ഖാന്‍, ദവ്ലത് സര്‍ദ്രാന്‍, അഫ്താബ് ആലം, ഹമീദ് ഹസ്സന്‍, മുജീബ് ഉര്‍ റഹ്മാന്‍.
















