കൊച്ചി: സംസ്ഥാനത്ത് വിവിധ ഇടങ്ങളായി മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന ഒഡിഷ സ്വദേശി ‘ചെറി ബൂമര്‍’ എന്ന സൂര്യ സണ്‍ സേത്ത് (27) ആലുവ റേഞ്ച് എക്സൈസിന്റെ പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ഒറീസയിലെ കട്ടക്കില്‍ നിന്നുമാണ് ഇയാള്‍ മയക്കുമരുന്നുകള്‍ എത്തിക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് മയക്ക് മരുന്നുകള്‍ നല്‍കും.
ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കിയതിനാല്‍ കട്ടക്കില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയില്‍ എത്തി. അവിടെ നിന്ന് ബസില്‍ കേരളത്തില്‍ എത്തും. മായം ചേര്‍ക്കാത്ത മയക്ക് മരുന്നാണ് ആവശ്യക്കാര്‍ സൂര്യനെ തേടുന്നതിന് പ്രധാന കാരണം. കട്ടക്ക് ടൗണിലെ അലിഗര്‍ ദാദ എന്നയാളില്‍ നിന്നുമാണ് ഇയാള്‍ മൊത്തമായി ഹാഷിഷ് ഓയില്‍ വാങ്ങുന്നതെന്നും, ഇതിന് മുന്‍പ് പല തവണ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കഞ്ചാവും, ഹാഷിഷ് ഓയിലും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
പാലക്കാടും തൃശൂരും, ആവശ്യക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ നല്കിയ ശേഷം, കൊച്ചി പനമ്പിള്ളി നഗറില്‍ ഹാഷിഷ് ഓയില്‍ എത്തിക്കുന്നതിന് വേണ്ടി ഇടനിലക്കാരനെ കാണാന്‍ ഇയാള്‍ എത്തുന്നുവെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം സൂര്യനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ‘ചെറി ബൂമര്‍’ എന്ന ലേബലില്‍ വില്‍ക്കുന്ന ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപയാണ്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ അനധികൃത മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഏപ്രില്‍ ആദ്യവാരം 10 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അസ്സാം സ്വദേശിയെ ആലുവ റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
‘ചെറി ബൂമര്‍’ എന്ന ഇയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന ലോബിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഇന്‍സ്പെക്ടര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍, സജീവ് കുമാര്‍, ഷാഡോ ടീമംഗങ്ങളായ എന്‍.ഡി. ടോമി, എന്‍.ജി. അജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സിയാദ് എന്നിവരടങ്ങിയ സംഘമാണ് സൂര്യനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: