വാര്‍ധക്യത്തിന്റെ അവശതകളേറിയതോടെ ദശരഥമഹാരാജാവിന് രാജ്യഭരണം അനന്തരാവകാശിയെ ഏല്പ്പിക്കണമെന്നായി. അദ്ദേഹം ആചാര്യനേയും മന്ത്രിമാരേയും സാമന്തന്മാരേയുമെല്ലാം വിളിച്ചു കൂട്ടി. തനിക്ക് ഏറെ പ്രധാനപ്പെട്ടൊരു കാര്യം ചര്‍ച്ചചെയ്യാനുണ്ടെന്ന് അറിയിച്ചു.
ഇതേ വരെ എല്ലാവരുടേയും സഹകരണത്തോടെ തന്റെ രാജ്യഭരണം ജനക്ഷേമകരമായി നിര്‍വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വാര്‍ധക്യം അതിന് അനുവദിക്കുന്നില്ല. രാജ്യഭരണം അനന്തരാവകാശിയില്‍ അര്‍പ്പിക്കാമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം എല്ലാവരേയും അറിയിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായത്തെ അങ്ങേയറ്റം മാനിക്കുന്നതായി പൗരപ്രമുഖര്‍ പറഞ്ഞു. വാര്‍ധക്യത്തില്‍ മൂത്തപുത്രനെ അനന്തരാവകാശിയായി വാഴിക്കണമെന്ന് ക്ഷത്രിയ വംശത്തിന്റെ ആദിപിതാവായ മനു വിധിച്ചിട്ടുള്ളത് രാജസമക്ഷം സാമന്തപ്രധാനികള് ഉണര്‍ത്തിച്ചു.
ധര്‍മനിഷ്ഠയും കര്‍മനിഷ്ഠയും പുലര്‍ത്തി ശ്രദ്ധയോടെ രാജ്യം ഭരിക്കുന്ന അങ്ങയുടെ ഉള്ളില്‍ അതെല്ലാം ഇപ്പോഴും ശ്രേഷ്ഠമായി കുടികൊള്ളുന്നുണ്ടെന്ന് ആചാര്യനായ വസിഷ്ഠന് ദശരഥനോട് പറഞ്ഞു. എന്നാല്‍ പുത്രന്മാരെ യഥാസമയം ഭരണഭാരം ഏല്‍പ്പിച്ച് കടമ നിര്‍വഹിക്കാനുള്ള ദശരഥന്റെ കര്മബോധത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.
ശ്രീരാമചന്ദ്രന് ജനമനസ്സില്‍ ശ്രേഷ്ഠതയുടെ പൂര്‍ണചന്ദ്രനായാണ് പ്രശോഭിക്കുന്നത്. അദ്ദേഹം സിംഹാസനത്തില്‍ അവരോധിതനാകുന്നത് കാണാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. അക്കാര്യത്തില്‍ ഒട്ടും ഉദാസീനത വരുത്തേണ്ടതില്ല. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ തന്നെ നമുക്കത് ഭംഗിയായി നടത്താമെന്ന് സദസ്സില്‍ വസിഷ്ഠന് എല്ലാവരോടുമായി പറഞ്ഞു.
അക്കാര്യത്തില്‍ എല്ലാവര്ക്കും ഏകാഭിപ്രായമായിരുന്നു. അതുകേട്ട് ദശരഥന് സന്തോഷിച്ചു. ഇതെല്ലാമറിഞ്ഞ് അന്ത: പുരത്തില്‍ അമ്മമഹാറാണിമാര് ഒത്തുകൂടി. രാജസദസ്സിലെ തീരുമാനങ്ങള്‍ അറിഞ്ഞില്ലേയെന്ന് കൗസല്യ സപത്നിമാരോട് ആരാഞ്ഞു. അതു കേട്ട് കൈകേയി പറഞ്ഞു; ‘ അറിഞ്ഞു ജ്യേഷ്ഠത്തീ, അങ്ങയുടെ, അല്ല, എന്റെ മൂത്തപുത്രനായ ശ്രീരാമചന്ദ്രനെ നാളെ രാജാവായി അഭിഷേകം ചെയ്യുന്നതില്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു. അതോടൊപ്പം ജ്യേഷ്ഠത്തിയെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.’
സുമിത്രയുടെ മറുപടിയും സമാനമായിരുന്നു. ‘നിങ്ങളുടെയല്ല, എന്റെ മൂത്തപുത്രനാണ് രാമന്. കുമാരന്റെ അഭിഷേക വാര്‍ത്തയറിഞ്ഞ് ആനന്ദാഭിമാനം കൊള്ളുകയാണ് ഞാന്‍. കൗസല്യാജ്യേഷ്ഠത്തിയാണ് അവനെ പ്രസവിച്ചതെങ്കിലും അവനെന്റെ സ്വന്തം പുത്രനാണ്.’ അങ്ങനെ സന്തോഷനിമിഷങ്ങള്‍ പരസ്പരം പങ്കുവെച്ച് അമ്മമാര്‍ പിരിഞ്ഞു. അവരുടെ വിശ്രമസങ്കേതങ്ങളിലേക്ക് പോയി. കൈകേയി തന്റെ മണിയറയില്‍ കയറി, അഭിഷേകപാരിതോഷികമായി രാമചന്ദ്രനു നല്കാന് നവരത്്നങ്ങളാല് നിര്‍മിച്ച ഒരു താമരപ്പൂവെടുത്ത് വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: