മക്കളേ, സന്തോഷത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സന്ദേശവുമായാണ് ഓരോ വിഷുവും വന്നെത്തുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും പുതുവത്സരം ആരംഭിക്കുന്ന ദിവസമാണ് വിഷു. ഈ ആഘോഷം പലയിടങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്. വിഷുപ്പുലരിയിലെ ഗ്രഹനില നോക്കി ഒരാണ്ടിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കണക്കുകൂട്ടുന്നു. വിഷു വസന്തകാലത്തിന്റെ ആരംഭം കൂടിയാണ്. ഇങ്ങനെ നോക്കുമ്പോള്‍ പുതുവത്സരദിനമായി ആഘോഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസം വിഷുദിനം തന്നെ.
മേടസംക്രമത്തോടെ പുതിയ വര്‍ഷത്തിലേക്കുള്ള പ്രവേശമാണ് വിഷു. വിഷുക്കണി കാണലാണ് വിഷുവിനു പ്രധാനം. കണിക്കൊന്ന, കണിവെള്ളരി, തെളിഞ്ഞുകത്തുന്ന നിലവിളക്കിനു മുന്പിലെ കൃഷ്ണവിഗ്രഹം, വാല്‍ക്കണ്ണാടി, പുതുവസ്ത്രം, പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും തുടങ്ങിയവയെല്ലാം കണിയിലുണ്ടാവും. സമ്പല്‍സമൃദ്ധിയുടെ അടയാളമാണ് വിഷുക്കണി. പ്രപഞ്ചത്തിന്റെതന്നെ ഒരു ലഘുചിത്രം വിഷുക്കണിയില്‍ നമുക്കു കാണാം. ആദ്ധ്യാത്മിക ജ്ഞാനവും സമ്പല്‍സമൃദ്ധിയും ഇവിടെ ഒരുമിക്കുന്നു. ഈശ്വരനേയും ഐശ്വര്യപൂര്‍ണ്ണമായ പ്രകൃതിയെയും കണികണ്ടുകൊണ്ട് പുതുവര്ഷത്തിലേക്കു പ്രവേശിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ ഐശ്വര്യപൂര്‍ണ്ണമാകും എന്നൊരു സങ്കല്പവും കണികാണുന്നതിലുണ്ട്.
പുതുവത്സരമെന്നു കേള്‍ക്കുമ്പോള്‍ പുതുമയെക്കുറിച്ചും മാറ്റത്തെക്കുറിച്ചുമാണു നാം ചിന്തിക്കുക. എന്നാല്‍, നാം എത്ര ശ്രമിച്ചാലും പുറംലോകത്തു കാര്യമായ മാറ്റം ഉണ്ടാക്കുക പ്രയാസമാണ്. അഥവാ മാറ്റം വരുത്തുവാന്‍ സാധിച്ചാലും, അത് സ്ഥായിയായിരിക്കില്ല. എന്നാല്‍, പ്രയത്നം കൊണ്ട് ആന്തരികമായി വലിയ മാറ്റം ഉണ്ടാക്കുവാന്‍ നമുക്കു കഴിയും. വാസ്തവത്തില്‍ നമ്മുടെ വീക്ഷണവും മനോഭാവവുമാണ് ലോകത്തെ സുന്ദരമാക്കുന്നതും വികൃതമാക്കുന്നതും. ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍ക്കുന്നു.
ഒരു ദിവസം ഈശ്വരന് നരകം സന്ദര്‍ശിക്കാനെത്തി. ദുഃഖപൂര്‍ണ്ണമായ നരകത്തില്‍ ഏറെക്കാലം താമസിക്കാന്‍ ഇടയായ നരകവാസികള്‍ ഈശ്വരനോടു പരാതി പറഞ്ഞു. ”ഭഗവാനേ, അങ്ങ് എന്തൊരു പക്ഷപാതിയാണ്. വികൃതവും ദുര്ഗ്ഗന്ധപൂര്ണ്ണവുമായ ഈ നരകത്തില്‍ ഞങ്ങള്‍ എത്രകാലമായി താമസിക്കുന്നു. എന്നാല്‍, സ്വര്‍ഗ്ഗത്തിലുള്ളവര്‍ വളരെക്കാലമായി അവിടെ സുഖിച്ചു വാഴുകയും ചെയ്യുന്നു. ഇത് അനീതിയല്ലേ? കുറച്ചു കാലത്തേക്കെങ്കിലും ഞങ്ങളെ പരസ്പരം മാറ്റി താമസിപ്പിക്കണം.” അവരുടെ പ്രാര്‍ത്ഥന ദൈവം സ്വീകരിച്ചു. സ്വര്ഗ്ഗവാസികള് നരകത്തിലും നരകവാസികള്‍ സ്വര്‍ഗ്ഗത്തിലും മാറിതാമസമായി. അഞ്ചാറു മാസം അങ്ങനെ കടന്നുപോയി. ഒരു ദിവസം ദൈവം വീണ്ടും നരകം സന്ദര്‍ശിക്കാന്‍ വന്നു. അപ്പോള്‍ അവിടെ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. എങ്ങും വൃക്ഷലതാദികളും
പൂക്കളും നിറഞ്ഞു നില്ക്കുന്നു. പാതകളെല്ലാം വൃത്തിയും വെടിപ്പുമായി കിടക്കുന്നു. ആളുകള്‍ ഈശ്വരനാമം കീര്‍ത്തിക്കുന്നു. നൃത്തം വയ്ക്കുന്നു. എങ്ങും ആഹ്ലാദം മാത്രം. ദൈവം പിന്നീടു പഴയ സ്വര്‍ഗ്ഗത്തിലേക്കു ചെന്നു. അവിടെ കണ്ട കാഴ്ച വേദനാജനകമായിരുന്നു ചെടികളും തോപ്പുകളും വാടിക്കരിഞ്ഞിരിക്കുന്നു. ഒരു പൂ പോലും കാണാനില്ല. പാതകളില്‍ അഴുക്കുകളും വൃത്തികേടുകളും നിറഞ്ഞുനില്ക്കുന്നു. ആളുകള്‍ പരസ്പരം ചീത്ത പറയുന്നു, കലഹിക്കുന്നു. ചുരുക്കത്തില്‍ പഴയ സ്വര്‍ഗ്ഗം നരകമായി മാറിയിരിക്കുന്നു. മക്കളേ, ഇതാണു സത്യം. നമ്മുടെ സ്വര്‍ഗ്ഗവും നമ്മുടെ നരകവും നമ്മള് തന്നെയാണു സൃഷ്ടിക്കുന്നത്. നമ്മളില്‍ നല്ല മാറ്റം ഉണ്ടായാല്‍ നമ്മുടെ അകത്തും പുറത്തുമുള്ള നരകത്തെ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ നമുക്കു കഴിയും.
സൂര്യന് ഉച്ചത്തില്‍ നില്ക്കുന്നതിനാല് ബുദ്ധിക്ക് ആത്മീയമായ ഉണര്‍വ്വുണ്ടാകുന്ന സമയമാണു വിഷുക്കാലം. വിഷുദിനത്തില്‍ പകലും രാത്രിയും തുല്യമായതു മറ്റൊരു തത്ത്വംകൂടി സൂചിപ്പിക്കുന്നു. ബുദ്ധിയും ഹൃദയവും ഒരേപോലെ വികാസം പ്രാപിച്ചാല്‍ മാത്രമേ ഒരുവന്റെ വ്യക്തിത്വം സന്തുലിതമാകൂ.
ജീവിതത്തില്‍ സുഖത്തെയും ദുഃഖത്തെയും സമഭാവത്തില്‍ സ്വീകരിക്കാന്‍ നമുക്കു കഴിയണം. ദുഃഖം വന്നാല്‍ കപ്പല്‍പോലെ മുങ്ങിപ്പോവുകയും, സുഖം വരുമ്പോള്‍ വിമാനംപോലെ ഉയര്‍ന്നു പൊങ്ങുകയും പാടില്ല. ദുഃഖത്തില്‍ തളരാതെയും സുഖത്തില്‍ അഹങ്കരിക്കാതെയും ജീവിതത്തില്‍ കുറെയൊക്കെ നിസ്സംഗത കൈവരിക്കാന്‍ നമ്മള് ശീലിക്കണം. ഇല്ലെങ്കില്‍ പ്രതിസന്ധികളില്‍പ്പെട്ടു നമ്മള് തളര്‍ന്നുപോകും. ഭൗതികവും ബാഹ്യവുമായുള്ള കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കുമ്പോഴാണു നമ്മള് ജീവിതത്തില്‍ തളര്‍ന്നുപോകുന്നത്. ഈശ്വരചിന്തയ്ക്കും ആത്മീയപുരോഗതിക്കും ജീവിതത്തില്‍ പ്രാധാന്യം നല്കിയാല് നിസ്സാരകാര്യങ്ങള്‍ നമ്മെ തളര്‍ത്തുകയില്ല. എന്നു മാത്രമല്ല നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ സ്ഥായിയായ ആനന്ദം വന്നുനിറയുകയും ചെയ്യും. അങ്ങനെ ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം സാക്ഷാത്കരിക്കാന്‍ ഈ വിഷുവും വിഷുക്കണിയും നമുക്കു പ്രചോദനമാകട്ടെ.
കണികാണും നേരം…
ശുഭോദയമായി പുതുവര്‍ഷ സൗഭാഗ്യങ്ങളെ സ്വീകരിക്കാന്‍ പ്രകൃതിയും മനുഷ്യനും ഒരുപോലെ ഒരുങ്ങുന്ന പുലരി പിറക്കുകയാണ്. ചിട്ടവട്ടങ്ങളോടെ വേണം കണിയൊരുക്കാനും കാണാനും. പ്രാദേശികഭേദങ്ങളുണ്ടെങ്കിലും പ്രകൃതിയെ പകര്‍ത്തിവെയ്ക്കുന്ന കണിക്ക് സമാനതകളാണ് ഏറെയുമുള്ളത്.
ഓട്ടുരുളിയിലാണ് കണി ഒരുക്കേണ്ടത്. നിലവിളക്ക് കൊളുത്തിവെക്കണം കണിവെള്ളരി, ഉണക്കലരി, നെല്ല്, നാളികേര മുറിയില്‍ അരിത്തിരി, പൊതിച്ച നാളികേരം, ചക്ക, മാങ്ങ, വാഴപ്പഴം തുടങ്ങി പറമ്പില്‍ വിളയുന്ന കായ്കനികള്‍, കൊന്നപ്പൂ, കൃഷ്ണവിഗ്രഹം, വാല്‍ക്കണ്ണാടി, കോടിമുണ്ട്്, പുരാണഗ്രന്ഥങ്ങള്‍, സ്വര്‍ണം, നാണയം, വെറ്റില, അടയ്ക്ക, ഓട്ടുകിണ്ടി എന്നിവ കണിയൊരുക്കാന്‍ അവശ്യം വേണ്ടവയാണ്.
ഓട്ടുരുളി തേച്ചുമിനുക്കി അതില്‍ പകുതിവരെ നെല്ലും ഉണക്കലരിയും നിറയ്ക്കുക. അരിത്തിരിയിട്ട നാളികേരമുറി ഇതില്‍ ഇറക്കി വെയ്ക്കണം. അതിനടുത്തായി കണിവെള്ളരി, പഴങ്ങള്‍, കൊന്നപ്പൂ എന്നിവ വെച്ച് അലങ്കരിക്കുക. അതു കഴിഞ്ഞാല്‍ ഉരുളിയില്‍ വാല്‍ക്കണ്ണാടി സ്വന്തം മുഖം കണികണ്ടുണരാവുന്ന വിധത്തില്‍ വെയ്ക്കണം. ഉരുളിക്ക് അരികിലായി കൃഷ്ണവിഗ്രഹം വെയ്ക്കണം. അതില്‍ മാലചാര്‍ത്തിയും വസ്ത്രമുടുപ്പിച്ചും അലങ്കരിക്കാം.
വിഗ്രഹത്തില്‍ വിളക്കിലെ തിരിനാളത്തിന്റെ നിഴല്‍ പതിയരുത്. മറ്റൊരു താലത്തില്‍ ഗ്രന്ഥവും മുണ്ടും, അടയ്ക്ക, വെറ്റില തുടങ്ങിയ മറ്റുള്ള സാധനങ്ങളുമൊരുക്കാം. ഓട്ടുകിണ്ടിയില്‍ വെള്ളം നിറച്ചു വെയ്ക്കാന്‍ മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: