കൊല്‍ക്കത്ത: ദല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് പറത്തിവിട്ട കോളിന് ഇന്‍ഗ്രാമിന്റെ സിക്സര്‍ ശിഖര്‍ ധവാന് സെഞ്ചുറി നിഷേധിച്ചു. ശിഖര്‍ ധവാന് പുറത്താകാതെ നേടിയ 97 റണ്‍സാണ് കൊല്‍ക്കത്തക്കെതിരെ ദല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.
കൊല്‍ക്കത്ത മുന്നോട്ടുവച്ച 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക് അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് മതിയായിരുന്നു. ധവാന് സെഞ്ചുറിയടിക്കാന്‍ ഈ രണ്ട് ഓവര്‍ ധാരാളമായിരുന്നു. പക്ഷെ കോളിന് ഇന്‍ഗ്രാം ധവാനെ സെഞ്ചുറിയടിക്കാന്‍ അനുവദിച്ചില്ല. ആറു പന്തില്‍ പതിനാല് റണ്‍സ് അടിച്ചെടുത്ത് ദല്‍ഹിക്ക് ഏഴുവിക്കറ്റ്് വിജയം സമ്മാനിച്ചു.
19-ാമത്തെ ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ അടിച്ചാണ് ഇന്‍ഗ്രാം ദല്‍ഹിയെ വിജയത്തിലേക്ക് പറത്തിവിട്ടത്. ഇതോടെ ധവാന്റെ നൂറെന്ന സ്വപ്നം തകര്‍ന്നു. ധവാന് 63 പന്തില്‍ പതിനൊന്ന് ഫോറും രണ്ട് സിക്സറും അടക്കം 97 റണ്‍സുമായി കീഴടങ്ങാതെ നിന്നു. വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ പ്രധാനം ടീമിന്റെ വിജയമാണെന്ന് ധവാന് മത്സരശേഷം പറഞ്ഞു.
സെഞ്ചുറി നഷ്ടമായെങ്കിലും ധവാന് ഐപിഎല്ലിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിക്കാനായി. 97 റണ്‍സ് കുറിച്ചതോടെ 2011ല്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ ഡെക്കാന്‍ ചാര്‍ജേഴ്സിനായി നേടിയ 95 റണ്‍സാണ് ഇതിന് മുമ്പത്തെ ധവാന്റെ ഉയര്‍ന്ന സ്കോര്‍.
മൂന്നാം വിക്കറ്റില്‍ ധവാനും ഋഷഭ് പന്തും നേടിയ 105 റണ്‍സ് ഈ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.
തകര്‍ത്തടിച്ച ആന്ദ്രെ റസല്‍ പത്തൊമ്പതാം ഓവറില്‍ പുറത്തായതാണ് കൊല്‍ക്കത്തയെ തോല്‍വിയിലേക്ക് നയിച്ചത്. 21 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്ത റസല്‍ വീണതോടെ കൊല്‍ക്കത്തയുടെ വമ്പന്‍ സ്കോറെന്ന സ്വപ്നം തകര്‍ന്നു. 20 ഓവറില്‍ അവര്‍ക്ക് ഏഴു വിക്കറ്റിന് 178 റണ്‍സേ നേടാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: