വീരാരാധനയുടെ ഭാഗമായി യോഗവിദ്യയിലും മറ്റും അവഗാഹം നേടി മണ്മറഞ്ഞ ഗുരുക്കന്മാരെ തെയ്യമായി കെട്ടിയാടിക്കാറുണ്ട്. നാടുവാഴിയുടെ ക്രൂരതയ്ക്ക് പാത്രമായി കൊലചെയ്യപ്പെട്ട ഒരു കുരിക്കളുടെ കഥയാണ് കുരിക്കള്‍ തെയ്യത്തിന്റെ പുരാവൃത്തം.
കൂടാളി ദേശത്ത് അനേകം യോഗി കുടുംബങ്ങളുണ്ട്. ആത്മവിദ്യയും യോഗവിദ്യയും അഭ്യസിച്ചവരാണ് യോഗികള്‍ (യോഗി അഥവാ ചോയി എന്നൊരു സമുദായം ഇന്നും വടക്കേ മലബാറില്‍ നിലനില്‍ക്കുന്നുണ്ട്). കൂടാളിയിലെ ഒരു യോഗികുടുംബത്തില് കൃഷ്ണന്‍കുട്ടി കുരിക്കളുടെ അനന്തിരവനായി ജനിച്ച കുഞ്ഞിരാമന് കുരിക്കളാണ് കുരിക്കള്‍ തെയ്യമായി മാറിയത്. കുഞ്ഞിരാമന് ചെറുപ്പത്തില്‍ തന്നെ അറുപത്തിനാല് കലകളും തൊണ്ണൂറ്റാറ് തത്വങ്ങളും നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളും അഷ്ടാംഗയോഗവുമെല്ലാം അഭ്യസിച്ചു.
അദ്ദേഹം ദേശാന്തരങ്ങളില്‍ സഞ്ചരിച്ച് പേരും പെരുമയും നേടി. അന്ന് കോലത്തുനാട് ഭരിച്ചിരുന്ന രാജാവിന് ബാധയുണ്ടായി. ബാധതീര്ക്കാന് പലമാന്ത്രികരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കൂടാളിത്തറയിലെ കുഞ്ഞിരാമന് കുരിക്കളെ ആളയച്ചു വരുത്തി. കുരിക്കളുടെ മാന്ത്രിക കര്‍മ്മങ്ങള്‍ കൊണ്ട് രാജാവിന്റെ ബാധമാറി. സന്തുഷ്ടനായ രാജാവ് കുരിക്കള്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്കി യാത്രയാക്കി. കുരിക്കളുടെ കഴിവുകള്‍ നേരിട്ടറിഞ്ഞ രാജാവിന്റെ ദുഷ്ടബുദ്ധിയുണര്ന്നു. ‘ ഇത്ര കൂടിയ കുരിക്കളെ വച്ചുകൂടെന്ന്’ രാജാവ് നിശ്ചയിച്ചു. തിരിച്ചുപോകുന്ന വഴി കുരിക്കളെ കൊല്ലാന്‍ കൂടെ പറഞ്ഞയച്ച രാജഭടന്മാരോട് അദ്ദേഹം കല്പ്പിച്ചു. പുഴാതിത്തറയിലെ അറവിലപ്പറമ്പിലെത്തിയപ്പോള് രാജഭടന്മാര് കുരിക്കളെ ചതിച്ചു കൊന്നു. കുരിക്കള്‍ ദൈവക്കരുവായി മാറി. കുരിക്കളുടെ തെയ്യക്കോലം കെട്ടിയാടിക്കാനും തുടങ്ങി
(നാളെ: പടക്കെത്തി ഭഗവതി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: