ജയ്പ്പൂര്‍: ഐപിഎല്‍ മത്സരത്തിനിടെ മൈതാനത്തേക്ക് ഇറങ്ങിവന്ന് അമ്പയറോട് വഴക്കടിച്ച മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ക്യാപ്റ്റനുമായ എം.എസ്. ധോണി വിലക്കില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷെ മത്സരത്തുകയുടെ അമ്പത് ശതമാനം പിഴ ഇടാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ച ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് ധോണിയുടെ മത്സരത്തുകയുടെ അമ്പത് ശതമാനം പിഴ ഈടാക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അറിയിച്ചു.
രാജസ്ഥാന് റോയല്‍സ് ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്ക്സ് എറിഞ്ഞ അവസാന ഓവറിലാണ് കളിക്കളത്തില്‍ ഇതുവരെ കാണാത്ത സംഭവം അരങ്ങേറിയത്. ബാറ്റ്്സ്മാന്റെ അരക്കെട്ടിന് മുകളിലൂടെ പൊങ്ങിവന്ന പന്ത് അമ്പയര്‍ ഉല്‍ഹാസ് ഗന്ധേ നോബോള്‍ വിളിച്ചു. പക്ഷെ ലെഗ് അമ്പയര്‍ ബ്രൂസ് ഓക്സന്‍ഫോഡ് നോ ബോളാണെന്ന സൂചന നല്‍കാതിരുന്നതിനെ തുടര്‍ന്ന് അമ്പയര്‍ ഗന്ധേ തീരുമാനം മാറ്റി. ഇതാണ് ക്യാപ്റ്റന്‍ കൂളിനെ ചൊടിപ്പിച്ചത്. ക്ഷുഭിതനായി മൈതാനത്തേക്ക് ഇറങ്ങിവന്ന ധോണി അമ്പയറോട് കലഹിച്ചു.
ധോണിയുടെ ഈ പ്രവൃത്തിയെ മൈക്കിള്‍ വോഗന്, മൈക്കിള്‍ സ്ലേറ്റര്‍, മാര്‍ക്ക് വോ, ആകാശ് ചോപ്ര തുടങ്ങിയ മുന്‍ താരങ്ങള്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: