പ്രേഗ്: മാര്‍കോസ് അലോന്‍സോയുടെ ഹെഡറില്‍ ചെല്‍സി യൂറോപ്പ ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയത്തിലേക്ക് പറന്നിറങ്ങി. ചെക്കിന്റെ തലസ്ഥാനമായ പ്രേഗില്‍ അരങ്ങേറിയ മത്സരത്തില്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് സ്ലാവിയ പ്രേഗിനെ തോല്‍പ്പിച്ചു.
സ്വന്തം തട്ടകത്തില്‍ അദ്ധ്വാനിച്ച് കളിച്ച സ്ലാവിയയെ, കളിയവസാനിക്കാന്‍ നാലു മിനിറ്റുള്ളപ്പോഴാണ് അലോന്‍സോ നേടിയ ഗോളിലാണ് ചെല്‍സി വീഴ്ത്തിയത്. രണ്ടാം പാദത്തില്‍ തോല്‍ക്കാതിരുന്നാല്‍ ചെല്‍സി സെമിയിലേക്ക് മാര്‍ച്ച് ചെയ്യും.
ചെല്‍സിയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ബ്രസീല്‍ വിങ്ര് വില്ലിയന് നല്കിയ ഒന്നാന്തരം ക്രോസ് തലകൊണ്ട് സ്ലാവിയയുടെ ഗോള്വലയിലാക്കിയാണ് അലോന്‍സോ ചെല്‍സിക്ക് വിജയം സമ്മാനിച്ചത്്. നേരത്തെ ആദ്യ പകുതിയില്‍ വില്ലിയന് ഗോള്‍ നേടാന്‍ അവസരം ലഭിച്ചതാണ്. പക്ഷെ ഷോട്ട് ഗോള്‍ വലയ്ക്ക് മുകളിലൂടെ പറന്നുപോയി.
പ്രീമിയര്‍ ലീഗില്‍ തിങ്കളാഴ്ച വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ച ടീമില്‍ ഏഴു മാറ്റങ്ങളോടെയാണ് മൗറീസിയോ സാരി ചെല്‍സിയെ കളിക്കളത്തിലിറക്കിയത്. തുടക്കത്തില്‍ സെറ്റാകാന്‍ കുറച്ചു സമയമെടുത്തെങ്കിലും പിന്നീട് ചെല്‍സി കത്തിക്കയറി.
ആദ്യ ഇലവനില്‍ ഹസാഡിന് ഇടം കിട്ടിയില്ല. പിന്നീട് 59-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി. ഹസാഡ് ഇറങ്ങിയതോടെ കളിമാറി. അവസാന നിമിഷങ്ങളില്‍ അവര്‍ ഗോളും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: