കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് റസല്‍-റബഡ പോരാട്ടം. കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തം തട്ടകമായ ഈഡന് ഗാര്‍ഡനില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി എട്ടിന് കളി തുടങ്ങും. സീസണില്‍ ഇതിനുമുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചിരുന്നു.
കൊല്‍ക്കത്തയെ പല മത്സരങ്ങളിലും വിജയത്തിലെത്തിച്ചതിന്റെ പ്രധാന പങ്ക് റസലിന്റെ ബാറ്റിനുണ്ട്. പലപ്പോഴും ചെറിയ സ്കോറില്‍ ഒതുങ്ങേണ്ട കൊല്‍ക്കത്തയെ അവസാന ഓവറുകളില്‍ റസല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് വമ്പന്‍ സ്കോറിലെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറിലാണ് വിജയിയെ നിശ്ചയിച്ചത്. ഫാസ്റ്റ് ബൗളര്‍ കഗീസോ റബഡയുടെ യോര്‍ക്കറുകള്‍ അന്ന് റസലിനെ പിടിച്ചുകെട്ടിയിരുന്നു. നായകന് ദിനേശ് കാര്‍ത്തിക്, റോബിന് ഉത്തപ്പ, നിതീഷ് റാണ എന്നിവരുടെ ബാറ്റിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. സ്പിന്നര്‍മാരായ പിയൂഷ് ചൗള, സുനില്‍ നരെയ്ന്, കുല്‍ദീപ് യാദവ് എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദല്‍ഹി. ഇന്ത്യന്‍ താരങ്ങളാണ് ദല്‍ഹിയുടെ കരുത്ത്. നായകന് ശ്രേയസ് അയ്യര്‍, പ്രിഥ്വി ഷാ, ശിഖര്‍ ധവാന്, ഋഷഭ് പന്ത് എന്നിവര്‍ ഫോമിലാണ്. ഫാസ്റ്റ് ബൗളര്‍ കഗീസോ റബഡക്കൊപ്പം ഇഷാന്ത് ശര്‍മയും ചേരുന്നതോടെ ബൗളിങ്ങ് ശക്തം. ഇതിനുമുമ്പ് 24 തവണ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പതിമുന്ന് തവണ കൊല്‍ക്കത്തയും പത്തു തവണ ദല്‍ഹിയും വിജയം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: